റാമല്ല- ഇസ്രായില്‍ ഗാസയില്‍ തുടരുന്ന ആക്രമണത്തില്‍ കൃത്യമായ ആളപായങ്ങളുടെ വിവരങ്ങള്‍ ലഭ്യമല്ലാതായി ഫലസ്തീന്‍ ആരോഗ്യ വിഭാഗം അറിയിച്ചു. ഗാസയുടെ പല ഭാഗങ്ങളിലും
ആശുപത്രിയുടെയും ആരോഗ്യ സംവിധാനത്തിന്റെയും തകര്‍ച്ച കാരണം കൃത്യമായ കണക്ക് ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഫലസ്തീന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനുശേഷം ഇസ്രായില്‍ തുടരുന്ന ക്രൂരമായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മരണങ്ങളുടെ കണക്കുകള്‍ പലസ്തീന്‍ ആരോഗ്യ മന്ത്രാലയം നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നതാണ്.
എന്നാല്‍ ഇസ്രായില്‍ സൈന്യം ഗാസയിലെ വാര്‍ത്താവിനിമയ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തതോടെ ആശുപത്രികളുമായുള്ള സമ്പര്‍ക്കം തടസ്സപ്പെടുകയും ചിട്ടയായ വിവരശേഖരണം സാധ്യമാകാതെയുമിരിക്കയാണെന്ന് മന്ത്രാലയം അറിയിച്ചു.
നാലാം ദിവസവും വടക്കന്‍ ഭാഗത്തെ ആശുപത്രികളിലെ സേവനങ്ങളും ആശയവിനിമയങ്ങളും തകര്‍ന്നതിനാല്‍ മരണമടഞ്ഞവരുടെ എണ്ണം അപ്‌ഡേറ്റ് ചെയ്യുന്നതില്‍ മന്ത്രാലയം പ്രശ്‌നങ്ങള്‍ നേരിടുകയാണെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഒക്ടോബര്‍ 7 നുശേഷമുള്ള ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് 4,650 കുട്ടികള്‍ ഉള്‍പ്പെടെ 11,320 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്. 202 മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 1,750 കുട്ടികള്‍ ഉള്‍പ്പെടെ 3,600 സാധാരണക്കാരെ കാണാതാവുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.
ഗാസയിലെ 35 ആശുപത്രികളില്‍ 25 എണ്ണം ഉപയോഗശൂന്യമാണെന്ന് ഗാസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.