Sorry, you need to enable JavaScript to visit this website.

കൊച്ചിയിൽ വ്യവസായ ശാലകൾ  സുരക്ഷിതം

അണക്കെട്ടുകൾ തുറന്നതിനെ തുടർന്ന് ജലനിരപ്പ് ഉയർന്ന പെരിയാർ, റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ വീക്ഷിക്കുന്നു. ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫിറുള്ള സമീപം.

കൊച്ചി- അണക്കെട്ടുകൾ തുറന്നതു മൂലം പെരിയാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ എറണാകുളത്തെ വ്യവസായ ശാലകൾ സുരക്ഷിതമാണെന്ന് ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. പുഴയുടെ തീരത്തുള്ള ഏലൂർ വ്യവസായ മേഖലയിലെ വ്യവസായ ശാലകളിൽ 90 ശതമാനം കെമിക്കലുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. 
രാസവസ്തുക്കൾ പൊതു ജലാശയങ്ങളിൽ കലരാതിരിക്കുന്നതിന് എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ തുടങ്ങിയ വസ്തുക്കളുടെയും വിവിധ കമ്പനികളിലേക്കുള്ള അപകടകരമായ രാസവസ്തുക്കളുടെയും ഗതാഗതം സംബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി പാലിക്കാൻ ജില്ല കലക്ടർ കമ്പനികൾക്ക് നിർദേശം നൽകി. നിലവിൽ കമ്പനികൾ നടത്തുന്ന ഉത്പാദനം, ഓരോ പ്ലാന്റിന്റെയും ചുമതലയുള്ള ജീവനക്കാരൻ, സ്വീകരിച്ചിട്ടുള്ള സുരക്ഷ മുൻകരുതലുകൾ എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ കമ്പനികൾക്ക് നിർദേശം നൽകി. 24 മണിക്കൂറും ജീവനക്കാരുടെ സേവനം കമ്പനികളിൽ ലഭ്യമാക്കണം. അടിയന്തര സാഹചര്യമുണ്ടായാൽ ദുരന്ത നിവാരണ വിഭാഗം, പോലീസ്, ഫയർ ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെടാനുള്ള നിർദ്ദേശവും നൽകി. മുന്ന് മീറ്റർ വരെ ജലനിരപ്പ് ഉയർന്നാലും വ്യവസായ ശാലകളുടെ സുരക്ഷയെ ബാധിക്കില്ലെന്ന് കലക്ടർ അറിയിച്ചു. 
വ്യവസായ ശാലകളുടെ സുരക്ഷ സംബന്ധിച്ച അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. എഫ്എസിടി, ബിപിസിഎൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നീ കമ്പനികളുടെ പ്രതിനിധികളും ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ്, മലിനീകരണ നിയന്ത്രണ ബോർഡ് ജീവനക്കാരും ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
 

Latest News