Sorry, you need to enable JavaScript to visit this website.

പ്രവാസി കുടുംബത്തിലെ കൂട്ടക്കൊല; പ്രതി മുസ്ലിം യുവതിയെ മതംമാറ്റി വിവാഹം ചെയ്തയാള്‍

ഉഡുപ്പി- കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ പ്രവാസി കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി പ്രവീണ്‍ അരുണ്‍ ചൗഗുലെ (39) നേരത്തെ മുസ്ലിം യുവതിയെ മതംമാറ്റി ഹിന്ദു പേരു നല്‍കി വിവാഹം ചെയ്തയാളാണെന്ന് പോലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
21 കാരിയായ യുവതിയെയും അവളുടെ കുടുംബത്തിലെ മൂന്ന് അംഗങ്ങളെയും കൊലപ്പെടുത്തിയതിനു പിന്നില്‍ യുവതിയോടുള്ള അസൂയയും വിരോധവുമാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂ അംഗമായ പ്രവീണ്‍ അരുണ്‍ ചൗഗുലെ (39)യെ ചൊവ്വാഴ്ചയാണ് ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തത്.  ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടില്‍ കറിയാണ് അയ്‌നാസ് എം, അവളുടെ മാതാവ് ഹസീന എം (47), മൂത്ത സഹോദരി അഫ്‌നാന്‍ (23), സഹോദരന്‍ അസീം എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്.
എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂ അംഗമായി ജോലിക്കു ചേര്‍ന്ന മുന്‍ മഹാരാഷ്ട്ര പോലീസുകാരനാണ് ചൗഗുലെ.
വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ പ്രതി എയര്‍ഹോസ്റ്റസായ അയ്‌നാസുമായി അ്രടുത്ത ബന്ധം സ്ഥാപിച്ചിരുന്നെങ്കിലും യുവതി പ്രണയത്തനു സമ്മതിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതിയുടെ അസൂയയും വൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമായത്. നേരത്തെ മുസ്ലിം യുവതിയെ മതം മാറ്റി വിവാഹം ചെയ്ത ഇയാള്‍ മംഗളൂരുവിലാണ് താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.  
സെല്‍ഫോണ്‍ ലൊക്കേഷനും കോള്‍ ഡാറ്റയും ഉള്‍പ്പെടെയുള്ള സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉഡുപ്പി പോലീസ് സാംഗ്ലി സ്വദേശിയായ ചൗഗുലെയെ കണ്ടെത്തിയത്. അയ്‌നാസിന്റെ ചാറ്റുകളും ഫോണ്‍ രേഖകളും പോലീസ് വിശകലനം ചെയ്തു. കൊലപാതക സമയത്ത് ചൗഗുലെയുടെ ഫോണ്‍ സംശയാസ്പദമായ രീതിയില്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതായും കണ്ടെത്തി.
നാലു പേരെ കൊലപ്പെടുത്തിയ ശേഷം ബെലഗാവിയെ കുടച്ചിയിലെത്തിയ പ്രതി ജലസേചന വകുപ്പില്‍ എഞ്ചിനീയറായ അമ്മാവനോടൊപ്പമാണ് ദീപാവലി ആഘോഷിച്ചത്.
അയ്‌നാസും മംഗളൂരുവില്‍ ഉപരിപഠനം നടത്തുന്ന  സഹോദരി അഫ്‌നാനും ദീപാവലി അവധിക്ക് ഉഡുപ്പിയിലെ വീട്ടിലെത്തിയപ്പോഴാണ് മറ്റുള്ളവര്‍ക്കൊപ്പം കൊലചെയ്യപ്പെട്ടത്. അയ്‌നാസിന്റെ താമസസ്ഥലം പ്രതിക്ക് അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മാല്‍പെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തൃപ്തി ലേഔട്ടിലെ കുടുംബത്തിന്റെ വീട്ടില്‍ നിന്ന് നിലവിളി കേട്ട് എത്തിയ  അയല്‍വാസിയായ ഐഫ അയൂബാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്. കൊല്ലപ്പെട്ട ഹസീനയുടെ ഭര്‍തൃ മാതാവ് ഹാജിറ കുളിമുറിയില്‍ കയറി വാതിലടച്ചാണ് സഹായത്തിനായി നിലവിളിച്ചത്.

രാവിലെ എട്ടരക്കുശേഷം സന്തേക്കാട്ടെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോറിക്ഷയിലാണ് പ്രതി തൃപ്തി ലേഔട്ടിലെ വീട്ടിലെത്തിയത്. ഏകദേശം 15 മിനിറ്റിനുശേഷം പ്രതി സ്റ്റാന്‍ഡില്‍ തിരിച്ചെത്തി മറ്റൊരു ഓട്ടോറിക്ഷയില്‍ കയറി പോയതായും െ്രെഡവര്‍മാര്‍ മൊഴി നല്‍കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പതിനഞ്ച് ദിവസത്തിനകം സൗദിയിലെ റിയാദിലേക്ക് മടങ്ങാനിരിക്കെയാണ് ഭാര്യയും മക്കളും കൊല്ലപ്പെട്ടതെന്ന് വിവരമറിഞ്ഞ് റിയാദില്‍നിന്ന് നാട്ടിലെത്തിയ കെമ്മണ്ണു ഹമ്പന്‍കട്ടയിലെ നൂര്‍ മുഹമ്മദ് പറഞ്ഞിരുന്നു. 15 വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തൊടൊപ്പമുണ്ടായിരുന്ന കുടുംബം കഴിഞ്ഞ പെരുന്നാള്‍ സമയത്താണ് നാട്ടിലെത്തിയത്.

 

 

 

 

Latest News