ഗാസ-യുദ്ധവിമാനങ്ങളുടെ ഇരമ്പലുകൾക്കോ ടാങ്കുകളുടെ നിർത്താതെയുള്ള ഷെൽ വർഷങ്ങൾക്കോ തകർക്കാൻ കഴിയാത്ത ഫുട്‌ബോൾ പ്രേമവുമായി തകർന്നു തരിപ്പണമായ കെട്ടിടക്കൂമ്പാരത്തിനു മുന്നിലൂടെ കുഞ്ഞു സൈക്കിളിൽ യാത്ര ചെയ്യുന്ന ഗാസയിലെ ബാലൻ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടി. വാക്കുകൾ വെടിയുണ്ടയാണെന്ന പഴമൊഴിക്കു പകരം ചിത്രത്തിനും വെടിയുണ്ടയേക്കാൾ പ്രഹര ശേഷിയുണ്ടെന്നു തെളിയിക്കുന്നതാണ് ഗാസ ബാലന്റെ ദയനീയ ചിത്രം. സൗദി അൽ നസ്ർ ആരാധകനാകാൻ സാധ്യതയില്ലെങ്കിലും റോണാൾഡോയോടുള്ള ആരാധനയാകാം റൊണാൾഡോ ചേർന്ന അൽ നസ് ർ ക്ലബിന്റെ ജഴ്‌സിയണിയുന്നതിലേക്ക് ബാലനെ നയിച്ചതെന്നാണ് നിഗമനം. ആരോഗ്യ പരിചണ കേന്ദ്രങ്ങളോ അഭയാർത്ഥി ക്യാമ്പുകളോ കൈക്കുഞ്ഞുങ്ങളുമായി പാലയാനം ചെയ്യുന്ന അമ്മമാരെയോ വേർതിരിക്കാത്ത ക്രൂരതക്കു മുന്നിൽ എത്രയെത്ര ബാലാവകാശങ്ങളാണ് തകർക്കപ്പെട്ടത്. തന്റെ കൊച്ചു സൈക്കിളിൽ വളർത്തു പക്ഷിക്കൂടും കെട്ടിപ്പിടിച്ച് സവാരി ചെയ്യുമ്പോൾ ആ ബാലൻ വിളിച്ചു പറയുന്നത് ശത്രുക്കളുടെ ആയുധങ്ങൾക്ക് ഞങ്ങളുടെ നിശ്ചയ ദാർഢ്യത്തെ തകർക്കാനാകില്ല. ഞങ്ങളിവിടത്തന്നെ ജീവിക്കും അല്ലെങ്കിൽ മരിച്ചു വീഴുമെന്നാണ്.