Sorry, you need to enable JavaScript to visit this website.

കെ-റെയിൽ ഒന്നിനും പരിഹാരമല്ല

സിൽവർ ലൈൻ സ്വപ്‌നം നഷ്ടമായെങ്കിലും കെ-റെയിൽ കോർപറേഷനെ കേരളത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാവുന്നതേയുള്ളൂ. രണ്ടാം ലോകമഹായുദ്ധം വന്നില്ലായിരുന്നുവെങ്കിൽ കഴിഞ്ഞ നൂറ്റാണ്ടിൽ യാഥാർഥ്യമാകുമായിരുന്ന തലശ്ശേരി-മൈസൂരു പാതയ്ക്കാവട്ടെ മുൻഗണന. തലശ്ശേരിക്കാരനായ പിണറായി വിജയൻ രണ്ടു ടേമിൽ മുഖ്യമന്ത്രിയായതിന്റെ ഗുണം കേരളം എന്നും ഓർക്കാൻ ഈ പദ്ധതി കാരണമാവും.

 


കേരളത്തിലെ പുതിയ വന്ദേഭാരത് ഓറഞ്ച് വർണത്തിലുള്ളതാണ്. ഇത് ഓടിത്തുടങ്ങിയത് മുതൽ പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും യാത്രക്കാരുടെ പ്രയാസം സംബന്ധിച്ച വാർത്തകളായിരുന്നു. മറ്റു ട്രെയിനുകൾ ഇതിനായി പിടിച്ചിടുന്നത് കാരണം യാത്രക്കാർക്ക് സമയത്തിന് എത്താനാവുന്നില്ല. വനിതാ ജീവനക്കാർക്ക് ജോലിക്ക് ഹാജരാവാൻ കഴിയുന്നില്ല. ഇപ്പോൾ അത്തരം വിഷമതകളൊന്നും കേൾക്കാനേയില്ല. നീലയും വെള്ളയും നിറത്തിലെ ആദ്യ വന്ദേഭാരത് തുടങ്ങിയപ്പോഴും ഇതേ പോലെ ആക്ഷേപങ്ങളുണ്ടായിരുന്നു. മറ്റു ട്രെയിനുകൾ അനാവശ്യമായി വൈകുന്നുവെന്നതായിരുന്നു പ്രധാന പരാതി. ആഴ്ചകൾക്കകം അത് പരിഹരിക്കപ്പെട്ടു. കേരളത്തിലെ റെയിൽവേ സംവിധാനത്തിൽ പുതിയൊരു ജോഡി ട്രെയിനെത്തിയപ്പോൾ പ്രാരംഭത്തിൽ ഇതെല്ലാം പ്രതീക്ഷിച്ചതും സ്വാഭാവികവുമാണ്. എന്നാൽ കാര്യക്ഷമമായി റെയിൽവേ മെഷിനറി ഇടപെട്ട് വന്ദേഭാരതും മറ്റു ട്രെയിനുകളും കേരളത്തിലുടനീളം മറ്റു ട്രെയിനുകളും സർവീസ് നടത്തുന്നു. 
അപ്പോഴതാ മാധ്യമങ്ങൾ പുതിയ വിഷയമുയർത്തുന്നു. കേരളത്തിലെ ട്രെയിനുകളിലെ ജനറൽ കംപാർട്ടുമെന്റുകളിലെ തിരക്കായിരുന്നു ഒക്ടോബറിൽ പത്രത്താളുകളിൽ നിറഞ്ഞത്. എംപിമാരും എംഎൽഎമാരും വേണ്ട വിധം ഇടപെട്ടില്ലെങ്കിലും പത്ര കട്ടിംഗുകൾ ചെന്നൈ, പാലക്കാട്, തിരുവനന്തപുരം കേന്ദ്രങ്ങളിലെ റെയിൽവേ ആസ്ഥാനങ്ങളിലുള്ളവർ ശ്രദ്ധിച്ചു. റെക്കോർഡ് തിരക്ക് അനുഭവപ്പെട്ട എല്ലാ എക്‌സ്പ്രസ് തീവണ്ടികൾക്കും കൂടുതൽ ബോഗികൾ അനുവദിച്ച് പ്രശ്‌നം ഏതാണ്ട് പരിഹരിച്ചു.  നേത്രാവതി എക്‌സ്പ്രസിലാണ് ഇപ്പോഴും കൂടിയ തിരക്കുള്ളത്. തിരുവനന്തപുരത്ത് നിന്ന് മുംബൈ കുർള വരെ പോകുന്ന ഈ ട്രെയിൻ ദീർഘദൂര യാത്രക്കാരെയും ഉറങ്ങി യാത്ര ചെയ്യുന്നവരെയും ഉദ്ദേശിച്ചാണ്. ഇതിൽ ഇടപെടുന്നതിന് ഒരു കണക്കുണ്ട്. എന്നിരുന്നാലും ഇപ്പോഴത്തെ രീതിയനുസരിച്ച് മംഗളൂരുവിൽ വെച്ച് ഡിസ്‌കണക്ട് ചെയ്യുന്ന വിധത്തിൽ ഒന്നോ രണ്ടോ ജനറൽ കംപാർട്ടുമെന്റുകൾ റെയിൽവേ അനുവദിച്ചാലും അത്ഭുതമില്ല. ഭരിക്കുന്നത് ബി.ജെ.പിയും സംഘ പരിവാറുമാണെങ്കിലും ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലൂടെ തിളക്കമാർന്ന വിജയം കൈവരിച്ച അശ്വിൻ വൈഷ്ണവാണ് റെയിൽവേ മന്ത്രി. നിതിൻ ഗഡ്കരിയെ പോലെ മിടുക്കൻ. സദാ സമൂഹ മാധ്യമങ്ങളിലിടപെടുന്ന ഈ മന്ത്രിയെ പെട്ടെന്നൊന്നും കബളിപ്പിക്കാൻ ബ്യൂറോക്രാറ്റുകൾക്കാവില്ല. ഷൊർണൂർ-നിലമ്പൂർ പാതയിലെ മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് മെയ് ഫഌവർ നിറഞ്ഞു നിന്നപ്പോഴും കോഴിക്കോടിനടുത്ത വെള്ളയിൽ വെച്ച് നീലയും ഓറഞ്ചും നിറങ്ങളിലെ വന്ദേഭാരത് ട്രെയിനുകൾ കണ്ടുമുട്ടിയപ്പോഴും സമൂഹ മാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചതും ഇതേ മന്ത്രിയാണ്. 
വന്ദേഭാരത് വന്നപ്പോഴും എക്‌സ്പ്രസ് ട്രെയിനുകളിൽ തിരക്ക് അസഹനീമായപ്പോഴും മുതലക്കണ്ണീരൊഴുക്കാൻ ഇഛാഭംഗവുമായി നടക്കുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്. പ്രായോഗികമല്ലെന്ന് കണ്ട് റെയിൽവേ ഉപേക്ഷിച്ച സിൽവർ ലൈനെന്ന  സ്റ്റാൻഡ് എലോൺ റെയിൽ വരാത്തതാണ് ഈ സാഹചര്യമുണ്ടാക്കിയതെന്ന് അവർ വാദിച്ചുകൊണ്ടേയിരുന്നു. അതവരുടെ ജോലി. കിട്ടുന്ന അവസരങ്ങളിലെല്ലാം ഉമ തോമസ് എം.എൽ.എയെ പരിഹസിച്ചും നിർവൃതിയടയുന്ന വിഭാഗമാണിത്. 
രണ്ടാം വന്ദേഭാരത് ആലപ്പുഴ വഴിയാണ്. കായംകുളം മുതൽ എറണാകുളം വരെ സെക്ഷനിൽ ഇനിയും ഇരട്ടിപ്പിക്കാനുണ്ട്. ഇതാണ് യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തു തീർക്കേണ്ടത്. ഇത് ചെയ്തു തീരാത്തിടത്തോളം കാലം ഓറഞ്ച് വന്ദേഭാരതിന് കൃത്യനിഷ്ഠ പാലിക്കാനാവില്ലെന്നുറപ്പാണ്. 
രണ്ടു ലക്ഷം കോടി എവിടെ നിന്നെങ്കിലും വായ്പ ഒപ്പിച്ച് തലമുറകളെ കടക്കാരാക്കി 2040 ലോ മറ്റോ പണി പൂർത്തിയാവുന്ന കെ-റെയിലെന്ന വേറിട്ട പാതയിൽ കാസർകോട് -തിരുവവന്തപുരം യാത്രാ നിരക്ക് വന്ദേഭാരതിന്റെ അഞ്ചിരട്ടിയെങ്കിലും കൂടുതലാവാനാണ് സാധ്യത. 
തിരുവനന്തപുരം മുതൽ കാസർകോട് വരെ അതിവേഗ റെയിൽപാത പണിയാനാണ്  കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ രൂപീകരിച്ചത്. 3500 ഏക്കർ  ഭൂമി ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കേണ്ടത്. 80,000 മുതൽ ഒരു ലക്ഷം വരെ ആളുകൾ ഭവനരഹിതരാവും. 132 കിലോ മീറ്റർ പ്രദേശത്തെ നെൽവയലുകൾ അപ്രത്യക്ഷമാവും. പത്ത് റെയിൽവേ സ്റ്റേഷനുകൾ പണിയാൻ 2500 ഏക്കർ വേറെയും വേണം. 2011 മുതൽ തന്നെ ഇങ്ങനെ ഒരു ആശയമുണ്ടായിരുന്നു. ഇതിനായി രൂപീകരിച്ച കമ്പനി 2018 ൽ ഉപേക്ഷിക്കുകയും ചെയ്തു. കെ-റെയിൽ കോലാഹലത്തിനിടെ സംസ്ഥാന ഖജനാവിന് നഷ്ടം 100 കോടിയാണ്. കെ-റെയിൽ പബ്ലിസിറ്റിക്കായി ഖജനാവിൽ നിന്നെടുത്ത് തുലച്ച കോടികൾ വേറെയും. കേന്ദ്രം ഈ പദ്ധതിയെ കൈയൊഴിഞ്ഞുവെന്ന കാര്യം പരസ്യമാക്കാതിരുന്നതായിരുന്നു. കേരള ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകൻ നിലപാട് അറിയിച്ചതോടെ എല്ലാം വ്യക്തമായി.  സർവേ ഉൾപ്പെടെ എല്ലാം കേരള സർക്കാരും നിർത്തിവെച്ചതായി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പത്രങ്ങളിൽ സിംഗിൾ കോളം വാർത്തയായി ആരും ശ്രദ്ധിക്കാത്ത വിധത്തിലാണ് ഇതു വന്നത്. കോഴിക്കോടും വടകരയുമുൾപ്പെടെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച കൂറ്റൻ ഹോഡിംഗുകളിൽ പറയുന്ന കേരളത്തിന്റെ സ്വപ്‌ന പദ്ധതിയുടെ സ്ഥാനത്തിപ്പോൾ കേരളീയത്തിലെ പുട്ടും കടലയുമാണ് ഇടം പിടിച്ചിരിക്കുന്നത്. 
കെ-റെയിൽ ഉപദ്രവം ഇനിയുണ്ടാവില്ലെന്ന് കണ്ട് മലയാളികൾ ആശ്വസിച്ചിരിക്കേയാണ് പിന്നിട്ട വാരത്തിൽ ആകാശത്ത് നിന്ന് പൊട്ടി വീണത് പൊലൊരു വാർത്ത വന്നത്. ദക്ഷിണ റെയിൽവേ സിൽവർ ലൈൻ തുടർചർച്ചകൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നാണ് പല പത്രങ്ങളിലും കണ്ടത്. ക്രെഡിബിലിറ്റിയുള്ള പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ ഇത് കണ്ടിട്ടില്ല,  ചർച്ച നടത്താൻ പാലക്കാട്, തിരുവനന്തപുരം ഡിവിഷണൽ മാനേജർമാർക്കാണ് നിർദേശം നൽകിയതെന്നും അതിലുണ്ടായിരുന്നു.  കെ റെയിൽ അധികൃതരുമായി ചർച്ച നടത്തി തീരുമാനം അറിയിക്കാനാണ് നിർദേശം. ചർച്ചയുടെ മിനിറ്റ്‌സ് സമർപ്പിക്കാനും കത്തിൽ നിർദേശിച്ചിട്ടുണ്ടെന്നും സോഴ്‌സില്ലാത്ത വാർത്ത പറയുന്നു. 
ഇതോടെ മരവിച്ച നിലയിലായിരുന്ന കെ റെയിൽ പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചിരിക്കുകയാണെന്ന കമന്റോടെയാണ് വാർത്ത അവസാനിച്ചത്. എന്നാൽ ഇതിന്റെ ആയുസ്സ് രണ്ടു ദിവസം മാത്രമായിരുന്നുവെന്നതാണ് ആശ്വാസം. സിൽവർ ലൈൻ അടഞ്ഞ അധ്യായമാണെന്നും പുനഃപരിശോധന നടക്കുന്നില്ലെന്നും റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ കൃഷ്ണദാസ് ദൽഹിയിൽ വെച്ച് മാധ്യമ പ്രവർത്തകരോട് പറഞ്ഞതായി മാതൃഭൂമി ഉൾപ്പെടെ റിപ്പോർട്ട് ചെയ്തതും കണ്ടു. കെ-റെയിൽ സമർപ്പിച്ച വിശദ പദ്ധതിരേഖ പരിശോധിച്ച ശേഷമാണ് മുമ്പ് റെയിൽവേ ബോർഡ് തള്ളിയത്. ഇനി അതിന്മേൽ ഒരു തീരുമാനവുമുണ്ടാകാനില്ല -കൃഷ്ണ ദാസ് വ്യക്തമാക്കി. റെയിൽവേയുടെ പൾസ് അറിയുന്ന ഉന്നത പദവി അലങ്കരിക്കുന്ന കൃഷ്ണദാസ് പറയുന്നത് നമുക്ക് വിശ്വസിക്കാം. 
ഐക്യകേരളം വന്ന് ദശകങ്ങൾക്ക് ശേഷമാണ് എറണാകുളത്തിനും തിരുവനന്തപുരത്തിനുമിടയിലെ മീറ്റർ ഗേജ് പാത ബ്രോഡ് ഗേജാക്കി മാറ്റിയത്. ഇന്ദിരാഗാന്ധി പ്രധാന മന്ത്രിയായ കാലത്ത് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ച കാര്യം രേഖപ്പെടുത്തിയ ശിലാഫലകം എറണാകുളം ജംഗ്ഷൻ സ്റ്റേഷനിലുണ്ട്. 
 ബ്രിട്ടീഷ് കാലം കഴിഞ്ഞതോടെ മലബാർ മേഖലയുടെ കഷ്ടകാലം തുടങ്ങുന്നതാണ് കണ്ടത്. നാട്ടുകാരന്റെ ഭരണം വന്ന ശേഷം ഷൊർണൂർ ജംഗ്ഷനിപ്പുറം ഒരു കിലോ മീറ്റർ റെയിൽ പാത പുതുതായി പണിതിട്ടില്ല. തെക്കു ഭാഗത്തെ പാത ബ്രോഡ് ഗേജാക്കി, ഇരട്ടിപ്പിച്ചു. എറണാകുളം-കായംകുളം റൂട്ടിൽ പുതിയ തീരദേശ പാതയും വന്നു. കോട്ടയം വഴിയുള്ള പാതയ്ക്ക് പുറമേയാണ് ആലപ്പുഴ വഴിയുള്ള പുതിയ പാത. അങ്കമാലി-ശബരി പാത നിർമാണം തുടങ്ങി. തൃശൂരിനെ ഗുരുവായൂരുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽപാത നിലവിൽ വന്നു. വടക്കൻ കേരളത്തിന് പുതിയതൊന്നും വന്നില്ലെന്ന് മാത്രമല്ല, ഉള്ളത് നഷ്ടപ്പെടുകയും ചെയ്തു. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ കാലത്താണ് പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിച്ചുരുക്കി സേലം ഡിവിഷനുണ്ടാക്കിയത്. നമുക്ക് വാഗ്ദാനം ചെയ്തിരുന്ന കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിയും വന്നില്ല. ബ്രിട്ടീഷുകാർ സർവേ നടത്തി യാഥാർഥ്യമാക്കാൻ വെച്ചിരുന്ന തലശ്ശേരി-മൈസൂർ പാതയെ പറ്റിയും ഇപ്പോൾ ആർക്കും മിണ്ടാട്ടമില്ല. മുഖ്യമന്ത്രിയുടെ അഭിമാന പദ്ധതിയായ കെ-റെയിൽ  പോയെന്ന് കരുതി വിഷമിക്കാനൊന്നുമില്ല. കെ-റെയിൽ കോർപറേഷനെ കേരളത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാവുന്നതേയുള്ളൂ.  കേരളത്തിനകത്തെ റെയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇതിനെ ഉപയോഗപ്പെടുത്താം. രണ്ടാം ലോകമഹായുദ്ധം വന്നില്ലായിരുന്നുവെങ്കിൽ കഴിഞ്ഞ നൂറ്റാണ്ടിൽ യാഥാർഥ്യമാകുമായിരുന്ന തലശ്ശേരി-മൈസൂരു പാതയ്ക്കാവട്ടെ മുൻഗണന. തലശ്ശേരിക്കാരനായ പിണറായി രണ്ടു ടേമിൽ മുഖ്യമന്ത്രിയായതിന്റെ ഗുണം കേരളം എന്നും ഓർക്കാൻ ഈ പദ്ധതി കാരണമാവും,  സംശയമില്ല.  

Latest News