കണ്ണൂരില്‍ വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുന്നു, എട്ടു പേര്‍ ഉള്‍വനത്തിലുണ്ടെന്ന് സൂചന

കണ്ണൂര്‍ - കണ്ണൂരിലെ അയ്യന്‍കുന്നില്‍ വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. തണ്ടര്‍ ബോള്‍ട്ട് സംഘം കര്‍ണ്ണാടക അതിര്‍ത്തി വനമേഖലയില്‍ വ്യാപകമായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ നടന്ന വെടിവെപ്പില്‍ ഒരു മാവോയിസ്റ്റിന് സാരമായ പരിക്കേറ്റെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.  രക്ഷപ്പെട്ടവര്‍ കാട്ടിനുള്ളില്‍ തന്നെയുണ്ടെന്നാണ് തണ്ടര്‍ ബോള്‍ട്ട് സംഘത്തിന്റെ നിഗമനം. എട്ട് മാവോയിസ്റ്റുകളാണ് ഗ്രൂപ്പാണ് ഉള്‍വനത്തിലുള്ളതെന്നാണ് സൂചന. വനത്തില്‍ നിന്ന് പുറത്തേക്കുള്ള വഴികളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. രണ്ട് തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഞെട്ടിത്തോട് ഷെഡുകളില്‍ മാവോയിസ്റ്റുകള്‍ ഭക്ഷണം പാകം ചെയ്തതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉള്‍വനത്തില്‍ രണ്ടിലധികം ഷെഡുകളുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍ ആരും കസ്റ്റഡിയില്‍ ഇല്ലെന്നും ആയുധങ്ങള്‍ കണ്ടെടുത്തെന്നും ഡി ഐ ജി പുട്ട വിമലാദിത്യ വ്യക്തമാക്കി. കൂടുതല്‍ സേന ഉള്‍വനത്തില്‍ തുടരുകയാണ്.

 

Latest News