Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ വധശിക്ഷ കാത്തുകഴിയുന്നത് 20 പേര്‍, അവസാന വധശിക്ഷ നടപ്പാക്കിയത് 32 വര്‍ഷം മുമ്പ്

കൊച്ചി- കേരളത്തില്‍ 32 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഏറ്റവുമൊടുവില്‍ വധശിക്ഷ നടപ്പാക്കിയത്. 1991 ല്‍ റിപ്പര്‍ ചന്ദ്രനാണ് അവസാനമായി തൂക്കിലേറ്റപ്പെട്ടത്. അസഫാക് ആലമിന്റെ കാര്യത്തില്‍ ഉയര്‍ന്ന കോടതികളില്‍ വധശിക്ഷ റദ്ദാക്കപ്പെടാന്‍ സാധ്യത ഏറെയാണെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു. ആലുവയില്‍ ഒരു കുടുംബത്തിലെ ആറുപേരെ കൂട്ടക്കൊല ചെയ്ത ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചതാണ് അവസാനത്തെ സംഭവം.
വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതി ഹൈക്കോടതിയിലാകും ആദ്യം അപ്പീല്‍ നല്‍കുക. ഹൈക്കോടതിയില്‍ നിയമത്തിന്റെ തലനാരിഴ കീറിയുള്ള വാദപ്രതിവാദങ്ങള്‍ നടക്കും. ഹൈക്കോടതി വധശിക്ഷ ശരിവെച്ചാല്‍ പ്രതിക്ക് സുപ്രീം കോടതിയെ സമീപിക്കാം. സുപ്രിംകോടതി അപ്പീല്‍ തള്ളിയാല്‍ ദയാഹരജിയുമായി പ്രതിക്ക് രാഷ്ട്രപതിയെ സമീപിക്കാം. രാഷ്ട്രപതി ദയാഹരജി തള്ളിയാല്‍ തിരുത്തല്‍ ഹരജിയുമായി പ്രതിക്ക് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാം. വിചാരണ കോടതിയുടെ വിധി മുതല്‍ ദയാഹരജി വരെയുള്ള നടപടിക്രമങ്ങളില്‍ വീഴ്ചയില്ലെങ്കില്‍ തിരുത്തല്‍ ഹരജി തള്ളും. പ്രതിക്ക് ലഭിക്കേണ്ട അവസാന നീതിയും ലഭ്യമാക്കിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് വധശിക്ഷ നടപ്പാക്കാന്‍ നിയമം അനുവദിക്കുന്നത്. വിചാരണ അതിവേഗം പൂര്‍ത്തിയായെങ്കിലും ശിക്ഷാ വിധി നടപ്പാക്കുന്ന കാര്യത്തില്‍ ഇനിയങ്ങോട്ട് ഈ വേഗമുണ്ടാകില്ല.
20 പേരാണ് കേരളത്തിലെ ജയിലുകളില്‍ വധശിക്ഷക്കു വിധിക്കപ്പെട്ടു കഴിയുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും നാലു പേര്‍ വീതവും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ മൂന്നു പേരും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഒമ്പതു പേരും വധശിക്ഷ കാത്ത് കഴിയുന്നു.

 

Latest News