മുംബൈ- ഒബ്‌റോയ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിറിറ്റസ് പൃഥിരാജ് സിംഗ് ഒബ്‌റോയ് അന്തരിച്ചു. 94 വയസായിരുന്നു. ഒബ്‌റോയ് ഗ്രൂപ്പിനും ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി വ്യവസായ രംഗത്തും പിആര്‍എസ് ഒബ്‌റോയിയുടെ മരണം തീരാനഷ്ടമാണെന്ന് കുടുംബത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യന്‍ ഹോട്ടല്‍ വ്യവസായരംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവന്ന പ്രമുഖ വ്യവസായിയാണ് പിആര്‍എസ് ഒബ്‌റോയ് .
ഹോസ്പിറ്റാലിറ്റി രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മാനിച്ച് രാജ്യം പത്മ വിഭൂഷണ്‍ നല്‍കി ആദരിച്ചു. 2002 ലാണ് അദ്ദേഹം ഇഐഎച്ച് ലിമിറ്റഡിന്റെ ചെയര്‍മാനായി ചുമതലയേറ്റത്. ഒബ്‌റോയ് ഗ്രൂപ്പില്‍പ്പെട്ട മുന്‍നിര കമ്പനിയാണിത്. ഒബ്‌റോയ് ഹോട്ടല്‍സ് െ്രെപവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനുമായിരുന്നു അദ്ദേഹം. ഒബ്‌റോയ് ഗ്രൂപ്പ് സ്ഥാപകന്‍ മോഹന്‍ സിംഗ് ഒബ്‌റോയിയുടെ മകനാണ് പിആര്‍എസ് ഒബ്‌റോയ്. ആഗോള ലക്ഷ്വറി ഹോട്ടല്‍ മേഖലയില്‍ ഒബ്‌റോയ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ടിന്റെ പേര് മുന്‍നിര പട്ടികയില്‍ ഇടംനേടുന്നതില്‍ ഇദ്ദേഹം വലിയ പങ്കാണ് വഹിച്ചത്.
1929ല്‍ ദല്‍ഹിയിലാണ് ജനനം. ഡാര്‍ജിലിംഗിലെ സെന്റ് പോള്‍സ് സ്‌കൂളിലും പിന്നീട് യുകെയിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമായാണ് വിദ്യാഭ്യാസം നേടിയത് .
സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊസാനില്‍ നിന്ന് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദം നേടിയ ഒബ്‌റോയ് 2004 മാര്‍ച്ച് 29 മുതല്‍ ജെറ്റ് എയര്‍വേസ് ലിമിറ്റഡിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.