മംഗളൂരുവില്‍നിന്ന് കണക് ഷന്‍ വിമാനങ്ങള്‍ വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മംഗളൂരു- ബംഗളൂരുവില്‍നിന്ന് മംഗളൂരുവിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് പുതിയ വിമാനങ്ങള്‍ ഏര്‍പ്പെടുത്തി. ബുധനാഴ്ച ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂള്‍ ഈ രണ്ട് നഗരങ്ങളെ മാത്രമല്ല, മംഗളൂരുവില്‍നിന്ന് ചെന്നൈ, കണ്ണൂര്‍, തിരുവനന്തപുരം, വാരണാസി എന്നിവിടങ്ങളിലേക്കും കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നു,
പുതിയ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതിലൂടെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്ന്  മംഗളൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (എം.ഐ.എ) ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അന്താരാഷ്ട്ര വിമാനങ്ങളുമായി  കണക്റ്റ് ചെയ്തുകൊണ്ടാണ് ഏറെ സൗകര്യപ്രദമാകുന്ന പുതിയ ഷെഡ്യൂള്‍. ഐ.എസ് 782 വിമാനം രാവിലെ എട്ട് മണിക്ക് വാരണാസിയില്‍ നിന്ന് പുറപ്പെടും. രാവിലെ 10.30 ന് ബംഗളൂരിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍  ഇറങ്ങും. വിമാനം മാറ്റാതെ 55 മിനിറ്റ് താമസത്തിനുശേഷം  ബംഗളൂരുവില്‍നിന്ന് രാവിലെ 11.10 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.10 ന് മംഗളൂരു എയര്‍പോര്‍ട്ടിലെത്തും.  
വാരണാസി-മംഗളൂരു കണക്ഷന്‍ നവംബര്‍ 25 വരെ 10 ദിവസത്തേക്ക് മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ.  നവംബര്‍ 26 മുതല്‍ ഈ വിമാനം ചെന്നൈയില്‍നിന്ന് ബംഗളൂരു വഴി മംഗളൂരുവിലേക്ക് സര്‍വീസ് നടത്തും. മറ്റ് വിമാനം സമയങ്ങള്‍ പിന്നീട് അറിയിക്കും.

 

 

Latest News