ഇന്ന് ശിശുദിനം
പഞ്ചശീല കരാറുകളിലൂടെ ഇന്ത്യയുടെ വിദേശ നയം രൂപപ്പെടുത്തുന്നതിലും ചേരിചേരാനയത്തിലൂടെ ഇന്ത്യൻ നിലപാട് ഉയർത്തിപ്പിടിക്കുന്നതിലും നെഹ്‌റു വഹിച്ച പങ്ക് സുവിദിതമാണ്. ഇന്നിപ്പോൾ ഇസ്രായിലിന്റെ വംശഹത്യയെ എതിർക്കാൻ മടികാട്ടുന്ന ഒരു ഇന്ത്യൻ വിദേശ നയം ഇപ്പോഴത്തെ ഭരണാധികാരികൾ രൂപപ്പെടുത്തുമ്പോഴും ചേരിചേരാനയം എന്ന പ്രസിദ്ധമായ ഇന്ത്യൻ സമവാക്യം തകർക്കാൻ പരിശ്രമിക്കുമ്പോഴും നെഹ്‌റുവിന്റെ വിദേശ നയം ഇന്ത്യയെ എത്തിച്ചിരുന്ന ഉന്നതമായ പദവിയെയാണ് ഇക്കൂട്ടർ തകർത്തെറിയുന്നത്.
കുട്ടികളുടെ ചാച്ചാജി എന്ന് വിളിക്കപ്പെടുന്ന സ്‌നേഹ വാത്സല്യങ്ങളുടെ മൂർത്തീമത്ഭാവമായിരുന്ന പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം എല്ലാ ഇന്ത്യക്കാരും ശിശുദിനമായി ആചരിക്കുന്നു.
അതുകൊണ്ട് തന്നെ വാസ്തവത്തിൽ ശിശുദിനം കുട്ടികൾക്ക് ഉത്സവമാണ്. അതിനായുള്ള ഒരുക്കങ്ങൾ നേരത്തേ നടക്കും. പൂർണാർത്ഥത്തിൽ ചാച്ചാജിയെക്കുറിച്ച് പറയാനും അയവിറക്കാനും ചരിത്രത്തിൽ ഏറെ കഥകളുണ്ട്. സംഭവങ്ങളുണ്ട്. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സാരോപദേശങ്ങൾ എക്കാലത്തും നമ്മുടെ പുതിയ തലമുറയ്ക്ക് പാഠവുമാണ്. കുട്ടികളോടുള്ള ഇത്തരം ഉദ്‌ബോധനത്തിലൂടെയൊക്കെ ചാച്ചാജി എന്നും ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നു. നിഷ്പ്രയാസം കുട്ടികളെ വശത്താക്കി അവരെ കുടുകുടെ ചിരിപ്പിക്കാനുള്ള നെഹ്‌റുവിന്റെ അസാമാന്യ കഴിവ് പ്രസിദ്ധമാണ്. അങ്ങനെ കുട്ടികളുമായി ബന്ധപ്പെട്ട ആ മഹാനുഭാവന്റെ ഒരുപാട് കഥകളുണ്ട്. കുട്ടികളിൽ വിജ്ഞാനം പകർത്താനുളള മിടുക്കും ഏറെ പ്രസിദ്ധമാണ്. പ്രതിഭ കൊണ്ട് തിളങ്ങിയ ആ വലിയ മനുഷ്യന്റെ ജീവിതം അത്രയും മാതൃകാപരമാണ്. മികച്ച ഭരണാധികാരിയെന്നത് പോലെ നല്ലൊരു മനുഷ്യ സ്‌നേഹിയുമായിരുന്നു നെഹ്‌റു. കുട്ടികളിൽ നീതിബോധവും സ്‌നേഹവും വളർത്താൻ അദ്ദേഹം പ്രസംഗിക്കുകയും എഴുതുകയും ചെയ്തു.
ബാരിസ്റ്റർ ബിരുദം നേടി ഇന്ത്യയിൽ വന്ന് 1912 ൽ അലഹബാദ് ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്ത നെഹ്‌റു കമലാ കൗളിനെ വിവാഹം ചെയ്തു. ഇതേ വർഷം - 1916 - ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലഖ്‌നൗ സമ്മേളനത്തിൽ വെച്ച് ഗാന്ധിജിയെ കണ്ടുമുട്ടി. ഗാന്ധിജിയുടെ പ്രവർത്തനങ്ങളിൽ പെട്ടെന്ന് ആകൃഷ്ടനായിരുന്നു നെഹ്റു. അങ്ങനെയാണ് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്. ഗാന്ധിജിയുടെ ജീവിതം അത്രയേറെ അദ്ദേഹത്തെ ആകർഷിച്ചു. ഒരു മനുഷ്യൻ ഇങ്ങനെ ആയിരിക്കണമെന്ന ബോധ്യങ്ങൾ ഗാന്ധിജിയിലൂടെ തിരിച്ചറിഞ്ഞു.
ബ്രിട്ടീഷുകാരിൽ നിന്ന് പൂർണ സ്വാതന്ത്ര്യം നേടണമെന്ന ആവശ്യം നെഹ്‌റു മുന്നോട്ട് വെച്ചു. സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തിനിടയിൽ 1921 മുതൽ 1945 വരെ വിവിധ കുറ്റങ്ങൾ ചുമത്തി പലതവണ ജയിലിലടച്ചു. തന്റെ ജീവിത താനുഭവങ്ങൾ അതിൽ നിന്നുൾക്കൊണ്ട പാഠങ്ങൾ എഴുത്തിലേക്ക് നയിച്ചു.
പണ്ഡിതനായ നെഹ്‌റു ഇന്ത്യയെ കണ്ടെത്തൽ, വിശ്വചരിത്രാവലോകനം തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി. അത് 17 വർഷം നീണ്ടുനിന്നു. ഇന്ത്യയെ എല്ലാ വിധത്തിലും ശക്തിപ്പെടുത്തുന്നതിൽ നെഹ്‌റു വലിയ പങ്ക് വഹിച്ചു. പഞ്ചവൽസര പദ്ധതിയിലൂടെ രാജ്യത്തെ മുന്നോട്ട് നയിച്ചു.
ഇന്ത്യയുടെ ആധുനികവൽക്കരണത്തിന് ശാസ്ത്ര സാങ്കേതിക രംഗത്ത് നെഹ്‌റു മഹത്തായ സംഭാവനകൾ നൽകി. സാംസ്‌കാരിക പരിപാടികളും നിരവധി
മത്സരങ്ങളും സംഘടിപ്പിച്ചുകൊണ്ടാണ് ശിശുദിനം ആഘോഷിക്കുന്നത്. ശിശുദിനമെന്ന് പറയുമ്പോൾ ഓരോ മലയാളിയുടെയും മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് നെഹ്‌റുവാണ്. കുട്ടികളുടെ ഉറ്റ ചങ്ങാതിയായിരുന്ന
നെഹ്‌റു കുട്ടികളെ വളരെയധികം സ്‌നേഹിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും അവരുടെ ഉന്നമനത്തിനായി പ്രയത്‌നിക്കുകയും ചെയ്തിരുന്നു. കിട്ടുന്ന ഒഴിവ് സമയങ്ങളിൽ എപ്പോഴും കുട്ടികൾക്ക്
നടുവിലിരിക്കുന്ന നെഹ്‌റു അവർക്ക് സ്‌നേഹവും കരുതലും നൽകി. നെഹ്‌റു പൂക്കളെ സ്‌നേഹിച്ചിരുന്നതിന്റെ പേരിൽ ശിശുദിനത്തിൽ കുട്ടികൾ പൂക്കൾ കൈമാറും. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പിക്കുന്നതിനായി നിർബന്ധിത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കി. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പുസ്തകം മാത്രം മതി കുട്ടികളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാൻ. 1928 ൽ സ്വാതന്ത്ര്യ സമര കാലത്ത് ജയിലിൽ ആയിരിക്കുമ്പോൾ മകൾ ഇന്ദിരക്കയച്ച കത്തുകളായിരുന്നു അത്. കുറഞ്ഞ കത്തുകളാണെങ്കിലും അത്ര കണ്ട് വിജ്ഞാന ലോകത്തേക്ക് പറന്നുയരാൻ കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ളതായിരുന്നു ആ കത്തുകൾ.
പഞ്ചശീല കരാറുകളിലൂടെ ഇന്ത്യയുടെ വിദേശ നയം രൂപപ്പെടുത്തുന്നതിലും ചേരിചേരാ നയത്തിലൂടെ ഇന്ത്യൻ നിലപാട് ഉയർത്തിപ്പിടിക്കുന്നതിലും നെഹ്‌റു വഹിച്ച പങ്ക് സുവിദിതമാണ്. ഇന്നിപ്പോൾ ഇസ്രായിലിന്റെ വംശഹത്യയെ എതിർക്കാൻ മടികാട്ടുന്ന ഒരു ഇന്ത്യൻ വിദേശ നയം ഇപ്പോഴത്തെ ഭരണാധികാരികൾ രൂപപ്പെടുത്തുമ്പോഴും ചേരിചേരാനയം എന്ന പ്രസിദ്ധമായ ഇന്ത്യൻ സമവാക്യം തകർക്കാൻ പരിശ്രമിക്കുമ്പോഴും നെഹ്‌റുവിന്റെ വിദേശ നയം ഇന്ത്യയെ എത്തിച്ചിരുന്ന ഉന്നതമായ പദവിയെയാണ് ഇക്കൂട്ടർ തകർത്തെറിയുന്നത്.






