ഗാസ- കഴിഞ്ഞ ദിവസമാണ് ഗാസയിലെ റോഡിൽനിന്ന് ഒരാൾ ബക്കറ്റിൽ വെള്ളം ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇസ്രായിലിന്റെ കനത്ത നിയന്ത്രണങ്ങളെ തുടർന്ന് ഗാസയിൽ മിക്കവാറും സ്ഥലങ്ങളിൽ വെള്ളത്തിന് രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇതിനിടെ ഏതോ വാഹനത്തിൽനിന്ന് ചോർന്ന വെള്ളം റോഡിൽ തളം കെട്ടിക്കിടന്നിരുന്നു. ഇത് ഒരാൾ ശേഖരിക്കുന്നതിന്റെ വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്. ഇതിന് പുറമെ, ഗാസക്ക് സമീപമുള്ള കടലിൽനിന്ന് വെള്ളം ശഖരിക്കുന്നവരുടെ ദൃശ്യങ്ങൾ അൽ ജസീറ ചാനലും പുറത്തുവിട്ടിരുന്നു. ഒരു നിലക്കും ഗാസക്ക് വെള്ളം നൽകില്ല എന്നായിരുന്നു ഇസ്രായിൽ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. എന്നാൽ ഇന്ന് രാവിലെ മുതൽ ഗാസയിൽ പലയിടത്തും തോരാതെ മഴ പെയ്തു. കുട്ടികൾ തെരുവിലിറങ്ങി മഴയത്ത് കളിക്കുന്നതിന്റെയും പലരും ബക്കറ്റുകളിലും മറ്റും വെള്ളം ശേഖരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതിന് പുറമെ, ഗാസയിൽ ഇസ്രായിൽ സൈന്യത്തിന്റെ ആക്രമങ്ങളെയും മഴ തടസമായി. സൈനിക വിമാനങ്ങൾ പ്രവർത്തനം നിർത്തിയെന്നും റിപ്പോർട്ടുണ്ട്.
മേഘങ്ങളും മഴയും കാരണം ഇസ്രായിൽ വിമാനങ്ങൾക്ക് തങ്ങളെ കാണാനാകില്ലെന്ന വിശ്വാസത്തിൽ ഗാസയിലെ കുട്ടികൾ മഴയത്ത് കളിക്കാനിറങ്ങി എന്ന് ഒരാൾ സമൂഹ മാധ്യമത്തിൽ കുറിച്ചു.
അധിനിവേശ സൈന്യം ഗാസയിലെ മക്കൾക്ക് വെള്ളം നിഷേധിച്ചു. പക്ഷേ ദൈവം ഗാസക്കാർക്ക് മഴ നൽകി എന്നായിരുന്നു മറ്റൊരാൾ എഴുതിയത്.
മഴ ഗാസയിലെ മരണത്തിന്റെ ഗന്ധം കെടുത്തിയേക്കാം എന്നാണ് മറ്റൊരാൾ എഴുതിയത്.