Sorry, you need to enable JavaScript to visit this website.

ആലപ്പുഴ - കടലും കായലും പച്ചപ്പും...

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പടച്ചോന്റെ കൈയൊപ്പ് പതിഞ്ഞ സ്ഥലമാണ് ആലപ്പുഴ. എത്ര കണ്ടാലും മതിവരാത്ത കായലും കടലും പച്ചപ്പുമെല്ലാം.. പ്രകൃതി സൗന്ദര്യത്തിന്റെ മൂർത്തീഭാവം എന്നൊക്കെ വിശേഷിപ്പിക്കാവുന്നിടം. കുട്ടനാട്ടിലെ ചെറുതും വലുതുമായ അനേകം ജലാശയങ്ങളും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പുഞ്ചനെൽപാടങ്ങളും എക്കാലവും വിനോദ സഞ്ചാരികൾക്ക് കണ്ണിനു കുളിരേകുന്ന കാഴ്ചകളാണ്. കടലും കായലും അതിരിട്ട് തീരത്തോട് ചേർന്ന് ഭൂപടത്തിൽ മെലിഞ്ഞ് നിൽക്കുന്ന ആലപ്പുഴയുടെ ഏതു ഭാഗവും സഞ്ചാരികളെ ആകർഷിക്കുന്നതാണ്. കിഴക്കുനിന്ന് ഒഴുകിയെത്തുന്ന അഞ്ച് നദികൾ, കുട്ടനാട്ടിലെത്തുമ്പോൾ 30 ലേറെ കൈവഴികളായി തിരിഞ്ഞ് ഒഴുകുന്നു. ആ കൈവഴികളിൽ നിന്ന് പിന്നെയും അനേകം ചെറുതോടുകളും ചാലുകളും. ഇവയെല്ലാം വിശാലമായ നെൽപാടങ്ങൾക്കിടയിലൂടെ ചുറ്റിവളഞ്ഞങ്ങനെ പോകുന്നു. ഇതിന്റെ ദൂരക്കാഴ്ച പോലും സഞ്ചാരികളുടെ മനംകവരും. പിന്നെ അടുത്തു കണ്ടാലുള്ള സ്ഥിതി പറയാനുണ്ടോ? അതിന്റെ തെളിവാണ് ഓരോ ദിവസവും ആലപ്പുഴയിലേക്കും കുട്ടനാട്ടിലേക്കും എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലെ വർധന. വിദേശികൾക്ക് പുറമെ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നൊക്കെ നൂറുകണക്കിന് സഞ്ചാരികളാണ് നിത്യേന ആലപ്പുഴ കാണാനെത്തുന്നത്. കുട്ടനാട്ടിലെ നെൽപാടങ്ങൾ കാണുകയും കുട്ടനാടൻ ഭക്ഷണം ആസ്വദിക്കുകയും ഇളകിമറിയുന്ന വേമ്പനാട്ട് കായലിലെ ഹൗസ് ബോട്ട് യാത്രയുമെല്ലാം സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. നാഷനൽ ജ്യോഗ്രഫിക് ട്രാവലറിന്റെ പട്ടികയിൽ ലോകത്തിലെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളേടൊപ്പം കേരളത്തെയും ഉൾപ്പെടുത്തിയത്് ആലപ്പുഴയിലെ കായൽ ടൂറിസത്തിന്റെ പിൻബലത്തോടെയാണ്. അതുകൊണ്ടാണ് കേരളത്തിലേക്കെത്തുന്ന വിനോദ സഞ്ചാരികളിൽ 70 ശതമാനത്തിലേറെപ്പേരും ഇഷ്ടമേഖലയായി അടയാളപ്പെടുത്തിയിരിക്കുന്നത് ആലപ്പുഴയെയാണ്. സഞ്ചാരികൾ അന്തിയുറങ്ങാൻ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ പ്രധാനമായും ആലപ്പുഴയിലെ ഹൗസ്‌ബോട്ടുകളും കായലോര റിസോർട്ടുകളുമാണ്. മലയോര മേഖലയിലെ സഞ്ചാരം കഴിഞ്ഞ് ആലപ്പുഴ ബീച്ചിൽ ആവോളം നീന്തിത്തുടിച്ച് വന്ന് ഹൗസ് ബോട്ടുകളിൽ രാപ്പാർക്കും. നേരം വെളുത്താൽ അതേ ഹൗസ് ബോട്ടിൽ കായൽ ചുറ്റിക്കറങ്ങി പാതിരാമണലും കണ്ട് മടക്കം.

കിഴക്കിന്റെ വെനീസായ ആലപ്പുഴ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ വൈസ്രോയി ആയിരുന്ന ലോർഡ് കഴ്‌സൺ ആലപ്പുഴ സന്ദർശിച്ചു. അതിരുകളില്ലാത്ത ആലപ്പുഴയുടെ പ്രകൃതിഭംഗി അദ്ദേഹത്തെ ഏറെ ആകർഷിച്ചു. പ്രകൃതി സകല സൗന്ദര്യവും ചൊരിഞ്ഞനുഗ്രഹിച്ച ആലപ്പുഴക്ക് കിഴക്കിന്റെ വെനീസ് എന്ന അപരനാമം നൽകിയത് അദ്ദേഹമാണ്. ടൂറിസം ഭൂപടത്തിലും ആലപ്പുഴയെ അങ്ങനെ തന്നെ രേഖപ്പെടുത്തി. തുറമുഖം, കടൽപാലം, റോഡുകൾ, നീണ്ടുനിവർന്നു കിടക്കുന്ന ബീച്ച്, വളഞ്ഞുപുളഞ്ഞൊഴുകുന്ന തോടുകൾ, ഇവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാലങ്ങൾ ഇവയെല്ലാമായിരിക്കാം ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിളിക്കാൻ അദ്ദേഹത്തിന് പ്രചോദനമേകിയത്. പ്രതിവർഷം അഞ്ച് ലക്ഷത്തോളം വിനോദ സഞ്ചാരികൾ ആലപ്പുഴയിൽ എത്തുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. ആലപ്പുഴയ്ക്ക് വിദേശികൾക്കിടയിൽ സ്വാധീനമുള്ളതും അത്ഭുതപ്പെടുത്തുന്നതുമായ ഭൂതകാല ചരിത്രമുണ്ട്. ക്രിസ്തുവിന് മുമ്പും മധ്യകാലഘട്ടത്തിലും  പ്രാചീന ഗ്രീസുമായും റോമുമായും ആലപ്പുഴയ്ക്ക്് കച്ചവട  ബന്ധമുണ്ടായിരുന്നെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പാർസികൾ, ഗുജറാത്തികൾ, മാമൻസ്, ആംഗ്ലോ-ഇൻഡ്യൻ  എന്നിങ്ങനെ വിവിധ ദേശക്കാരും ഭാഷക്കാരും അന്ന് ആലപ്പുഴയിൽ ഇടകലർന്നു വസിച്ചിരുന്നു. അവരുടെ പള്ളികളും ക്ഷേത്രങ്ങളും മറ്റു ആരാധനാലയങ്ങളും അന്ന് നിലനിന്നിരുന്ന വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളാണ്. അവ  വിലമതിക്കാനാവാത്ത കാഴ്ചകളാണ് ഇന്നും ഒരുക്കുന്നത്. സഞ്ചാരികളുടെ ഇഷ്ടവിനോദ കേന്ദ്രമായ ആലപ്പുഴയുടെ പൈതൃകം നിലനിർത്തിക്കൊണ്ടുള്ള വികസന പദ്ധതികളും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പൈതൃക പദ്ധതിയുടെ ഭാഗമായി 21 മ്യൂസിയങ്ങളാണ് ആലപ്പുഴയിൽ ഒരുങ്ങുന്നത്. സർക്കാർ-സഹകരണ-സ്വകാര്യ മേഖലകളിലെ 11 പഴയ കെട്ടിടങ്ങളാണ് ഇതിന്റെ ഭാഗമായി പുനരുദ്ധരിക്കുന്നത്. രാജ്യത്തെ കൾച്ചറൽ ടൂറിസത്തിന് വലിയ മുതൽക്കൂട്ടായി ഇവ മാറും. എൻസൈക്‌ളോപീഡിയ പോലുള്ള ഭീമൻ മ്യൂസിയങ്ങൾക്ക് പകരം ഓരോ വിഷയത്തെയും ആസ്പദമാക്കിയുള്ള ചെറു മ്യൂസിയങ്ങളാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ആലപ്പുഴ തുറമുഖ മ്യൂസിയവും നവീകരിക്കുന്ന കടൽപാലവും ഏറെ ശ്രദ്ധയാകർഷിക്കുമെന്നതിൽ സംശയമില്ല. 

കുട്ടനാട് കാണാൻ ദിവസവും ബോട്ട്

ആലപ്പുഴയുടെയും കുട്ടനാടിന്റെയും കാഴ്ചകൾ ചെലവ് കുറഞ്ഞ മാർഗത്തിൽ ആസ്വദിക്കാൻ സംസ്ഥാന ജലഗതാഗത വകുപ്പ് സീ കുട്ടനാട് ബോട്ട് സർവീസുകൾ നടത്തുന്നുണ്ട്. ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് രാവിലെ 11.45 ന് പുറപ്പെട്ട് വൈകിട്ട് 4.45 ന് തിരികെ എത്തുന്ന അഞ്ച് മണിക്കൂർ യാത്രയാണിത്. ഒരു യാത്രയിൽ 90 പേരാണ് ദിവസേന സഞ്ചരിക്കുന്നത്. വേമ്പനാട് കായലും പാതിരാമണലും ചിത്തിര-മാർത്താണ്ടം കായൽ നിലങ്ങളും കുമരകവും കുട്ടനാടിന്റെ ഉൾപ്രദേശങ്ങളുമെല്ലാം കണ്ട് ആസ്വദിക്കുന്നതിന് ഈ യാത്ര ഉപകരിക്കും. അപ്പർ ഡെക്കിൽ 30 പേർക്കും താഴത്തെ നിലയിൽ 60 പേർക്കും ഈ ബോട്ടിൽ സഞ്ചരിക്കാം. മുകളിലെ നിലയിലേക്ക് ഒരാൾക്ക് 500 രൂപയും താഴത്തെ നിലയിൽ 400 രൂപയുമാണ് യാത്രാക്കൂലി. പാതിരാമണലിൽ കുടുംബശ്രീ പ്രവർത്തകർ ഒരുക്കുന്ന നാടൻ ഭക്ഷണവും കിട്ടും. ഇതിനു പുറമെ പാസഞ്ചർ കം ടൂറിസം ബോട്ടും സഞ്ചാരികൾക്കായുണ്ട്. 1.90 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളും സുരക്ഷ സംവിധാനങ്ങളും ഉൾപ്പെടുത്തി ഐആർഎസ് ക്ലാസിൽ നിർമിച്ച ബോട്ടിൽ ഒരേസമയം 90 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. 30 സീറ്റുകളാണ് മുകളിലെ നിലയിലുള്ളത്. പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ഒരേ പോലെ ഉപകാരപ്രദമാകുന്ന സർവീസാണിത്. ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും പുറപ്പെട്ട് പുന്നമട, വേമ്പനാട് കായൽ വഴി കൈനകരി റോഡ് മുക്കിൽ എത്തി തിരികെ മീനപ്പള്ളി കായൽ, പള്ളാത്തുരുത്തി, പുഞ്ചിരി വഴി ആലപ്പുഴയിൽ തിരിച്ചെത്തും വിധമാണ് സർവീസ്. ഏകദേശം രണ്ടര മണിക്കൂറാണ് യാത്ര സമയം.

ആലപ്പുഴക്ക് അഴകായി ഹൗസ് ബോട്ട്

ആലപ്പുഴ എന്നു കേൾക്കുമ്പോൾ സഞ്ചാരികളുടെ മനസ്സിലോടിയെത്തുന്നത് വള്ളംകളിയും ഹൗസ് ബോട്ടുമാണ്. പഴയ കെട്ടുവള്ളങ്ങൾ ഫൈവ് സ്റ്റാർ ഹോട്ടലുകളോട് കിടപിടിക്കുന്ന തരത്തിലുള്ള ഹൗസ് ബോട്ടുകളായി രൂപാന്തരപ്പെട്ടിരിക്കുകയാണിവിടെ. ഏകദേശം രണ്ടായിരത്തോളം ഹൗസ്‌ബോട്ടുകൾ വേമ്പനാട് കായലിനെ ചുറ്റിപ്പറ്റി സർവീസ് നടത്തുന്നുണ്ട്. ആലപ്പുഴ ഭാഗത്തുള്ളതിനു പുറമെ കോട്ടയത്തിന്റെ ഭാഗമായ കുമരകത്തു കൂടിയുള്ള കണക്കാണിത്. കായൽപരപ്പിലൂടെ ഒഴുകി നീങ്ങുന്ന ഈ ആഡംബര വീടുകളിൽ രണ്ടു മുതൽ പത്തു വരെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മുറികളുണ്ടാകും. ഡൈനിംഗ് ഹാളും ലിവിങ് റൂമും കിച്ചണും വേറെ. കുട്ടനാടിന്റെ പച്ചപ്പ് വീക്ഷിക്കാൻ മുകൾതട്ടിൽ പ്രത്യേക സ്ഥലം. ചില ബോട്ടുകളിൽ 200 പേരെ വരെ ഉൾക്കൊള്ളാവുന്ന കോൺഫറൻസ് ഹാളുണ്ട്. ചിലതിൽ സ്വിമ്മിംഗ് പൂളുകളും. ഹൗസ് ബോട്ട് ഒരു ദിവസം 30-40 കിലോമീറ്റർ സഞ്ചരിക്കും. ആലപ്പുഴയിൽ നിന്നും കുമരകത്തേക്കും കൊല്ലത്തേക്കും തണ്ണീർമുക്കത്തേക്കും ഹൗസ് ബോട്ടുകൾ പകൽ സമയങ്ങളിൽ സഞ്ചരിക്കും. രാത്രിയിൽ കായലിൽ നങ്കൂരമിടുന്ന ഹൗസ് ബോട്ടുകളിൽ നാടൻ ഭക്ഷണങ്ങൾ ആസ്വദിച്ച് കഴിച്ച് അന്തിയുറങ്ങാം. ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കേന്ദ്രങ്ങൾക്കു പുറമെ നിരവധി സ്വകാര്യ ഏജൻസികളുടെ ഹൗസ് ബോട്ട് യാത്ര ബുക്കിംഗ് സ്ഥലങ്ങൾ ആലപ്പുഴയിലുണ്ട്.

ആവേശം അലതല്ലുന്ന ആലപ്പുഴ ബീച്ച് 

സഞ്ചാരികളുടെ മനം നിറക്കുന്നതാണ് ആലപ്പുഴ ബീച്ചിലെ കാഴ്ചകൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള കടൽപാലവും ലൈറ്റ് ഹൗസും കാണാനായി ആയിരങ്ങളാണ് ബീച്ചിലേക്ക് ഒഴുകിയെത്തുന്നത്. മണൽ തരികളോട് കിന്നാരം പറഞ്ഞ് വീശിയടിക്കുന്ന കാറ്റിന്റെ അനുഭൂതി നുകരാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. ബീച്ചിനോട് ചേർന്നുള്ള വിളക്കുമാടത്തിൽ കയറിയാൽ കടലിന്റെ സൗന്ദര്യം ആസ്വദിക്കാം. ആലപ്പുഴ നഗരത്തിൽ നിന്ന് നാല് കിലോമീറ്റർ മാറിയാണ് ബീച്ച് സ്ഥിതി ചെയ്യുന്നത്. കൂടാതെ കുട്ടികൾക്കായുള്ള നവീകരിച്ച വിജയ് പാർക്കും ഏറെ ആകർഷണീയമാണ്. ആധുനിക കളിക്കോപ്പുകളും അമ്യൂസ്‌മെന്റ് പാർക്കും ഇവിടെയുണ്ട്. സന്ദർശകരെ കാത്ത് നിരവധി റിസോർട്ടുകളും ഹോം സ്റ്റേകളും ബിച്ച് സൈഡിലുണ്ട്. ആലപ്പുഴയ്ക്കു പുറമെ മാരാരി ബീച്ചും അന്ധകാരനഴിയും വലിയഴീക്കൽ ബീച്ചും സഞ്ചാരികളെ ആകർഷിക്കുന്നയിടങ്ങളാണ്. വലിയഴീക്കലിൽ മുനമ്പിനു കുറുകെ പാലം വന്നതോടെ സഞ്ചാരികളുടെ ഒഴുക്കാണിവിടെ.

Latest News