Sorry, you need to enable JavaScript to visit this website.

ഗാസയിലെ വംശഹത്യ തടയുന്നതിൽ പരാജയപ്പെട്ടു; അമേരിക്കൻ പ്രസിഡന്റിനെതിരെ കേസ്

ന്യൂയോർക്ക്- ഗാസയിലെ 'വംശഹത്യ' തടയുന്നതിൽ പരാജയപ്പെടുകയും വംശഹത്യയെ പ്രോത്സാഹിപ്പിക്കുകയും സഹായം ചെയ്തതിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും  അദ്ദേഹത്തിന്റെ രണ്ട് കാബിനറ്റ് അംഗങ്ങൾക്കുമെതിരെ കേസെടുക്കും. പ്രസിഡന്റ് ജോ ബൈഡൻ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവർക്കെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമനടപടി. ന്യൂയോർക്ക് പൗരാവകാശ സംഘടനയായ സെന്റർ ഫോർ കോൺസ്റ്റിറ്റിയൂഷണൽ റൈറ്റ്സ് (സി.സി.ആർ) ആണ് ഫലസ്തീൻ മനുഷ്യാവകാശ സംഘടനകൾക്കും ഗാസയിലെ ഫലസ്തീനികൾക്കും വേണ്ടി കേസ് ഫയൽ ചെയ്തത്. ഇസ്രായിൽ അമേരിക്കയിൽനിന്നാണ് ആയുധം സ്വീകരിക്കുന്നതെന്നും കേസിൽ കുറ്റപ്പെടുത്തി. നിരവധി ഇസ്രായിലി നേതാക്കൾ വ്യക്തമായ വംശഹത്യ മനോഭാവത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും ഇതിന് ഒട്ടേറെ തെളിവുകളുണ്ടെന്നും പരാതിയിൽ പറയുന്നു. നിരവധി നിയമ പണ്ഡിതന്മാരും മനുഷ്യാവകാശ സംഘടനകളും ഗാസയിലെ ഇസ്രായിലിന്റെ നടപടികളെ വംശഹത്യ എന്ന് വിളിച്ചിട്ടുണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. 


ഗാസയിൽ ഇസ്രായിലിന്റെ ശക്തമായ ബോംബാക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ഇസ്രായിലിന് അചഞ്ചലമായ പിന്തുണയാണ് ബൈഡൻ വാഗ്ദാനം ചെയ്തത്. സൈനിക, സാമ്പത്തിക, രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ച ബൈഡൻ ഇസ്രായിലിൽ നേരിട്ടെത്തുകയും ചെയ്തു. ഗാസയിൽ ഇസ്രായിൽ നടത്തുന്ന വംശഹത്യക്ക് ബൈഡനായിരുന്നു പ്രോത്സാഹനമെന്ന് പരാതിയിൽ പറയുന്നു. 
ഇസ്രായിലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയും ശക്തമായ പിന്തുണക്കാരനും യു.എസ് ആണെന്നും ആ രാജ്യത്തിന് ഏറ്റവും കൂടുതൽ സൈനിക സഹായം നൽകുന്നയാളാണെന്നും പരാതിയിൽ പറയുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യു.എസ് സഹായം ഏറ്റവും കൂടുതൽ സ്വീകരിക്കുന്ന രാജ്യമാണ് ഇസ്രായിൽ. ഇക്കാരണത്താൽ, ഇപ്പോൾ ഫലസ്തീൻ ജനതയ്ക്കെതിരെ വംശഹത്യ നടത്തുന്ന ഇസ്രായിൽ ഉദ്യോഗസ്ഥരെ തടയാൻ യു.എസിന് കഴിയുമായിരുന്നു. ഇതിന് പകരം ഇസ്രായിലിന്റെ ബോംബാക്രമണം തടയാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളെ തുരങ്കം വെക്കുകയാണ് ചെയ്തത്. ഇസ്രായിലിന് നിരുപാധികമായ പിന്തുണ ആവർത്തിക്കുന്നതിലൂടെ ഗാസയിൽ തുടരുന്ന കുറ്റകൃത്യങ്ങൾക്ക് ബൈഡൻ, ബ്ലിങ്കെൻ, ഓസ്റ്റിൻ എന്നീ മൂന്നംഗ സംഘം നേതൃത്വം നൽകി.

''ഈ വംശഹത്യയെ തടയുന്നതിനും വംശഹത്യക്കുള്ള പ്രോത്സാഹനം നൽകുന്നത് അവസാനിപ്പിക്കാനും ഫെഡറൽ നിയമത്തിന് കീഴിൽ കാര്യമായ ഉത്തരവാദിത്തമുണ്ട്. എന്നാൽ ഇത് തടയുന്നതിനുള്ള വഴിയുടെ ഓരോ ചുവടിലും പ്രസിഡന്റും ഭരണകൂടവും പരാജയപ്പെട്ടു. അവർ ഇസ്രായിലിന് സംരക്ഷണം നൽകുന്നത് തുടർന്നു, അവർ ഇസ്രായിലിന് ഭൗതിക പിന്തുണ നൽകുന്നത് തുടർന്നു. കൂടുതൽ പണവും കൂടുതൽ ആയുധങ്ങളും ഇസ്രായിലിലേക്ക് അയയ്ക്കാൻ ഉദ്ദേശിക്കുന്നു-വെന്ന് സി.ഐ.സി അഭിഭാഷക അസ്ത ശർമ്മ പൊഖാരെൽ പറഞ്ഞു: 

യു.എസ് പൗരയും കേസിലെ വാദികളിലൊരാളുമായ ലൈല അൽ ഹദ്ദാദിന് ഇസ്രായിൽ ആക്രമണം ആരംഭിച്ചതിനുശേഷം ഗാസയിൽ അഞ്ച് ബന്ധുക്കളെ നഷ്ടപ്പെട്ടു.

''എന്റെ കസിൻസിനെയും അമ്മായിയെയും കൊല്ലാൻ ഞാൻ ഇസ്രായിലിന് പണം നൽകി. എനിക്ക് വേറെ വഴികളില്ല. ഞാൻ നൽകിയ നികുതിയിൽനിന്നാണ് ബൈഡൻ ഇസ്രായിലിന് പണം നൽകിയത്. അതിനാൽ ഈ ചെയ്തികൾക്ക് അമേരിക്കൻ ഭരണകൂടത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നമുക്ക് ബാധ്യതയുണ്ടെന്നും ലൈല അൽ ഹദ്ദാദ് പറഞ്ഞു.
 

Latest News