Sorry, you need to enable JavaScript to visit this website.

അപരിചിതന് വൃക്ക ദാനം ചെയ്തു; ദൈവം പറഞ്ഞിട്ടെന്ന് യുവതി

വെര്‍ജീനിയ- അമേരിക്കയിലെ വെര്‍ജീനിയയില്‍ അപരിചിതയായ വനിത വൃക്ക  ദാനം ചെയ്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നയാള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. യഥാസമയം വൃക്ക ദാനം ചെയ്ത യുവതിയെ മാലാഖയെന്നാണ് ജീവിതം തിരിച്ചുകിട്ടയയാളുടെ ബന്ധുക്കള്‍ വിശേഷിപ്പിക്കുന്നത്. ദൈവം പറഞ്ഞതിനാലാണ് ആശുപത്രിയില്‍ പോയി താന്‍ വൃക്കകളിലൊന്ന് ദാനം ചെയ്തതെന്ന് യുവതി ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
ക്രിസ്റ്റി ഷേര്‍ളി വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ സംസ്‌കാര ചടങ്ങിലാണ് പങ്കെടുക്കേണ്ടിയിരുന്നതെന്ന് വൃക്ക സ്വീകരിച്ചയാളുടെ ബന്ധു മൈസ മുന്‍സെ സ്ലോമിന്‍സ്‌കി പറഞ്ഞു.


മാറ്റിവെക്കുന്നതിനായി കിഡ്‌നി ലഭിക്കുന്നതിന് രണ്ടു വര്‍ഷമായി കാത്തിരിക്കുന്ന ഫെയര്‍ഫാക്‌സ് സ്വദേശിയായ ജിം അബേഡിന്റെ സ്ഥതി ഈയടുത്തായി വഷളായിരുന്നു. ആഴ്ചയില്‍ ഒന്നിലേറെ തവണ ഡയാലിസിസ് നടത്തിയാണ് ജീവന്‍ രക്ഷിച്ചിരുന്നത്.


ബന്ധുവിനായി വൃക്ക ദാതാവിനെ കണ്ടെത്താനാകുമെന്ന് കരുതി ഫേസ്ബുക്കില്‍ പോസ്റ്റിടുമ്പോള്‍ മൈസ സ്ലോമിന്‍സ്‌കിയെ കുടുംബക്കാര്‍ നിരുത്സാഹപ്പെടുത്തിയിരുന്നു. ഒരു മാസത്തോളം ആരും ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് മൈസ മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിയില്‍ കൂടെ ജോലി നോക്കിയിരുന്ന ക്രിസ്റ്റി ഷേര്‍ളിയുടെ ശ്രദ്ധയില്‍ പെടുന്നത്. ക്രിസ്റ്റിക്ക് ജിം അബേഡിനെ  അറിയില്ലായിരുന്നു.


ഫേസ്ബുക്ക് മെസജ് കണ്ടപ്പോള്‍ വൃക്ക നല്‍കണമെന്ന് തന്റെ മനസ്സില്‍ തോന്നിയെന്നും കൂടുതലൊന്നും വിശദീകരിക്കാനില്ലെന്നുമാണ് ക്രിസ്റ്റി ഫോക്‌സ് ന്യൂസിനോട് പറഞ്ഞത്. തുടര്‍ന്ന് മൈസയുമായി ബന്ധപ്പെട്ട് വൃക്ക ചേരുമോ എന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ നടത്തുകയായിരുന്നു. രണ്ട് കുട്ടികളുടെ പിതാവായ ജിം ആബെഡിന്റെ ജീവന്‍ രക്ഷിക്കുന്നതിന് അടുത്ത ബന്ധുക്കളുടെ വൃക്കയാണ് ഡോക്ടര്‍മാര്‍ തേടിയിരുന്നത്.
ജൂലൈ 26-നാണ് ബാള്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് ഹോസ്പിറ്റലില്‍ ഇരുവര്‍ക്കും ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിലേക്ക് പോകുമ്പോള്‍ തന്റെ മനസ്സ് പൂര്‍ണമായും ശാന്തമായിരുന്നുവെന്നും ഒട്ടും പേടിച്ചിരുന്നില്ലെന്നും ക്രിസ്റ്റി പറഞ്ഞു. ശസ്ത്രക്രിയ പൂര്‍ത്തിയായി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ക്രിസ്റ്റിയെ ഡിസ്ചാര്‍ജ് ചെയ്തുവെങ്കിലും ജിം ആബെഡിനെ ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ ഭര്‍ത്താവിനോടൊപ്പം ആശുപത്രിയുടെ സമീപം ഹോട്ടല്‍ മുറിയെടുത്ത് താമസിച്ചു. ഇപ്പോള്‍ ഇരുവരും വീടുകളില്‍ വിശ്രമിക്കുകയാണ്.


ദൈവമാണ് തന്നെ വിളിച്ച് നിയോഗിച്ചതെന്നും ആരും നന്ദി പറയേണ്ട ആവശ്യമില്ലെന്നുമാണ് ലഭിച്ച അനുഗ്രഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് കൃതജ്ഞത അറിയിക്കുന്ന ജിം ആബേഡിനോടും കുടുംബത്തോടും ക്രിസ്റ്റി  ആവര്‍ത്തിക്കുന്നത്.

 

 

Latest News