ആലുവയിലെ പിഞ്ചു കുഞ്ഞിന് നീതി ലഭിച്ചത് ശിശുദിനത്തില്‍, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസെന്ന് കോടതി

ആലുവ - ആലുവയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പിഞ്ചു കുഞ്ഞിന് നീതി ലഭിച്ചത് ശിശു ദിനത്തില്‍. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്ന് വിലയിരുത്തിയാണ് കോടതി പ്രതിയായ അസഫാക് ആലത്തിന് വധശിക്ഷ വിധിച്ചത്. അതിവേഗ വിചാരണയാണ് കോടതിയില്‍ നടന്നത്. ആലുവയില്‍ വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ 2023 ജൂലായ് 28 വൈകുന്നേരം മൂന്ന് മണിയോടെയാണ് കാണാതായത്. കട്ടിയുടെ മാതാപിതാക്കള്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. വൈകീട്ട് 3.30 ന് ആലുവയില്‍ ബസ് ഇറങ്ങിയ അസ്ഫാക്ക് ആലം കുട്ടിയുമായി മാര്‍ക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് പോവുകയായിരുന്നു.
കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പ്രതി വൈകിട്ട് 5.30 ഓടെ മൃതദേഹം പെരിയാറിന്റെ തീരത്ത് ഒളിപ്പിച്ചു. പിന്നീട് ആലുവ നഗരത്തിലേക്ക് മടങ്ങി. രാത്രിയോടെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. മദ്യ ലഹരിയിലായിരുന്ന പ്രതിയെ അധികം വൈകാതെ തന്നെ പിടികൂടി. എന്നല്‍ ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയില്‍ നിന്ന് പൊലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. രാത്രി മുഴുവന്‍ കുട്ടിക്കായി കേരളമൊട്ടാകെ തിരച്ചില്‍ തുടര്‍ന്നു. ജൂലായ് 29, ശനിയാഴ്ച രാവിലെയും കുട്ടിക്കായി അന്വേഷണം നടന്നു. ഇതിനിടെ രാവിലെ 11 മണിക്ക് ആലുവ മാര്‍ക്കറ്റിന് പിറകില്‍ കുറ്റിക്കാട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

തുടര്‍ന്ന് അതിവേഗത്തിലായിരുന്നു അന്വേഷണം നടന്നത്. തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു. പിന്നീട് പ്രതിയുമായി ആലുവ മാര്‍ക്കറ്റ് പരിസരത്ത് പൊലീസ് തെളിവെടുപ്പ് നടത്തി.   ക്രൂരകൃത്യം നടന്ന് 35-ാം ദിവസം പൊലീസ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ 645 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. ഒക്ടോബര്‍ 4, ബുധനാഴ്ചയാണ് കേസില്‍ വിചാരണ തുടങ്ങിയത്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളിലായിരുന്നു വിചാരണ. 26 ദിവസത്തെ വിചാരണക്ക് പിന്നാലെ നവംബര്‍ നാല് ശനിയാഴ്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിയുടെ മാനസികാരോഗ്യം പരിശോധിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച കോടതി ശിക്ഷാവിധി പുറപ്പെടുവിക്കുന്നത് നീട്ടിവെച്ചു. പിന്നീട് മാനസിക പരിശോധന നടത്തിയെങ്കിലും അസ്ഫാക് ആലത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന് പിന്നാലെ നടന്ന വാദത്തിനൊടുവിലാണ് കേസില്‍ ഇന്ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയത്. പ്രോസിക്യൂഷനും കുടുംബവും പ്രതീക്ഷിച്ചത് പോലെ ക്രൂരകൃത്യം നടത്തിയ പ്രതിക്ക് മരണ ശിക്ഷ തന്നെ കോടതി വിധിക്കുകയായിരുന്നു.

Latest News