Sorry, you need to enable JavaScript to visit this website.

ഇ.പി. ജയരാജന് വ്യവസായം, കായികം; ജലീലിന്റെ വകുപ്പില്‍ മാറ്റം

തിരുവനന്തപുരം- മുന്‍ മന്ത്രി ഇ.പി.ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാന്‍ സിപിഎം സംസ്ഥാന സമിതി ഇടതുമുന്നണിയോട് ശുപാര്‍ശ ചെയ്തതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. രണ്ടു മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശവും സമിതി മുന്നോട്ടുവെച്ചു. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തശേഷം മുഖ്യമന്ത്രി ഇതു സംബന്ധിച്ചു ഉചിതമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 
ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് നേരത്തെ മന്ത്രിസഭയില്‍നിന്ന് രാജിവെച്ച ജയരാജന്‍ ഉള്‍പ്പെടെ 20 അംഗങ്ങള്‍ മന്ത്രിസഭയിലുണ്ടാകുമെന്നാണ് കോടിയേരി പറഞ്ഞു.
 
മുമ്പ് കൈവശമുണ്ടായിരുന്ന വ്യവസായം, കായികം വകുപ്പുകള്‍ ജയരാജനു നല്‍കാനാണു സമിതി നിര്‍ദേശിച്ചിരിക്കുന്നത്. ഇപ്പോഴത്തെ വ്യവസായ മന്ത്രി എ.സി. മൊയ്തീനു തദ്ദേശ സ്വയംഭരണ വകുപ്പും ഗ്രാമവികസനവും നല്‍കും.
 
തദ്ദേശമന്ത്രി കെ.ടി. ജലീലിന് ഉന്നതവിദ്യാഭ്യാസം, വഖഫ്, ന്യൂനപക്ഷക്ഷേമ വകുപ്പുകള്‍ നല്‍കും. ഉന്നതവിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുള്ളതിനാലാണ് കെ.ടി.ജലീലിനു വകുപ്പ് നല്‍കാന്‍ തീരുമാനിച്ചതെന്നു കോടിയേരി പറഞ്ഞു. വകുപ്പു മാറ്റം സംബന്ധിച്ചോ, ജയരാജനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ചോ സിപിഐയുമായി തര്‍ക്കമില്ലെന്നും ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു.

Latest News