ഗാസ- ഐക്യരാഷ്ട്രസഭ സ്ഥാപിതമായതിന് ശേഷം ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ക്ക് ജീവഹാനി സംഭവിക്കുന്ന യുദ്ധമായി ഗാസ യുദ്ധം മാറി. 101 യു.എന്‍ ജീവനക്കാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് തിങ്കളാഴ്ച യു.എന്‍ ഏജന്‍സികള്‍ ഒരു മിനിറ്റ് മൗനം ആചരിച്ചു. യു.എന്‍ ഏജന്‍സിയായ യു.എന്‍.ആര്.ഡബ്ലിയു.എ ഗാസയില്‍ ഏകദേശം 800,000 ആളുകളെ പാര്‍പ്പിച്ചിരിക്കുന്നു. യുദ്ധത്തില്‍ ഭവനരഹിതരായവരാണ് പകുതിയും. ആംബുലന്‍സുകള്‍ പ്രവര്‍ത്തിപ്പിക്കാനോ ആശുപത്രികളില്‍ കുടിവെള്ളം വിതരണം ചെയ്യാനോ മലിനജലം നീക്കം ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്. ഇസ്രായില്‍ നിര്‍ത്താതെ തുടരുന്ന ബോംബാക്രമണത്തില്‍ ഇതുവരെ 11,180 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരില്‍ 4609 കുട്ടികള്‍ ഉള്‍പ്പെടുന്നുവെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ആശുപത്രി പ്രവേശന കവാടത്തില്‍ ഹമാസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തില്‍ അല്‍ഖുദ്സില്‍ ഏകദേശം 21 ഭീകരരെ വധിച്ചതായി ഇസ്രായില്‍ അറിയിച്ചു. ആശുപത്രി ഗേറ്റില്‍ ഒരു കൂട്ടം ആളുകള്‍ നില്ക്കുന്ന വീഡിയോ ഇവര്‍ പുറത്തുവിട്ടു. അവരില്‍ ഒരാള്‍ ഗ്രനേഡ് ലോഞ്ചര്‍ വഹിക്കുന്നതായി കാണുന്നുണ്ട്. ഹമാസ് പോരാളികള്‍ ആശുപത്രിയിലും തുരങ്കത്തിലും ഒളിച്ചിരിക്കയാണെന്ന ഇസ്രായിലിന്റെ ആരോപണം ഹമാസും ഗാസ നിവാസികളും ആവര്‍ത്തിച്ച് നിഷേധിച്ചു.
വിട്ടുപോകാന്‍ ഇസ്രായില്‍ ഉത്തരവിട്ടിട്ടും ലക്ഷക്കണക്കിന് ഗാസ നിവാസികള്‍ വടക്കന്‍ ഭാഗത്ത് തുടരുകയാണ്. ദക്ഷിണ ഗാസയില്‍ ഇസ്രായില്‍ പതിവായി ബോംബാക്രമണം നടത്തുകയാണ്. പ്രധാന തെക്കന്‍ ഗാസ നഗരമായ ഖാന് യൂനിസിലും സമീപത്തുമുണ്ടായ മൂന്ന് ആക്രമണങ്ങളിലായി 15 പേരെങ്കിലും കൊല്ലപ്പെട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നാസര്‍ ഹോസ്പിറ്റലില്‍ സ്വകാര്യ കാറുകളിലാണ് ആളുകളെ കൊണ്ടുവന്നത്.