Sorry, you need to enable JavaScript to visit this website.

മഴ ദുരിതം: മരണം 28 ആയി; കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് കേരളത്തിലേക്ക്

ന്യുദല്‍ഹി- രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും മറ്റു അപകടങ്ങളിലുംപ്പെട്ട് മരിച്ചവരുടെ എണ്ണം 28 ആയി. 11 ജില്ലകളെയാണ് ദുരിതം ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു സംസ്ഥാനത്തെ പ്രളയ സാഹചര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായവും കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇപ്പോള്‍ നടന്നു വരുന്ന ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആഭ്യന്തര മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ദുരന്തബാധിത പ്രദേശങ്ങളില്‍ ഞായറാഴ്ച മന്ത്രി രാജ്‌നാഥ് സിങ് ഹെലികോപ്റ്ററില്‍ ചുറ്റിക്കാണും. സാഹചര്യം നേരിട്ടു മനസ്സിലാക്കാന്‍ അഭ്യന്ത സഹമന്ത്രി കിരണ്‍ റിജ്ജുവിനെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 7.30ന് പ്രളയബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ ചുറ്റിസന്ദര്‍ശിക്കും. റെവന്യൂ മന്ത്രിയും ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും. 

അതിനിടെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ മഴ്ക്കു കാരണമായ ന്യുനമര്‍ദം വടക്കു ഭാഗത്തേക്ക് നീങ്ങിത്തുടങ്ങിയതായും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. എന്നാല്‍ ഇടവിട്ടുള്ള ചെറിയ മഴ ശക്തമായി തുടരുമെന്നും അറിയിപ്പുണ്ട്. നീരൊഴുക്കിനും കുറവുണ്ടാകില്ല.

പെരിയാര്‍ നദിയിലെ ജലനിരപ്പുയര്‍ന്നതോടെ കൊച്ചി വെല്ലിങടണ്‍ ഐലന്‍ഡിലെ നാവിക സേനയുടെ ദക്ഷിണമേഖലാ കമാന്‍ഡിനു സൈന്യം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാലു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഐലന്‍ഡിലേക്ക് വെള്ളം കയറാനിടയുണ്ട്. ഏതു സാഹചര്യത്തേയും നേരിടാന്‍ സേന ഒരുക്കമാണെന്ന് പ്രതിരോധമന്ത്രാലയ വക്താവ് അറിയിച്ചു. 

Latest News