Sorry, you need to enable JavaScript to visit this website.

സംഘപരിവാര്‍ വളര്‍ച്ചയ്ക്ക് സിപിഎം വഴിയൊരുക്കരുത്, സുരേന്ദ്രനെതിരെ നടപടി വേണം

തിരുവനന്തപുരം-സിപിഎമ്മിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുസ്ലിം നേതാക്കള്‍ പങ്കെടുത്തത് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ വംശീയാധിക്ഷേപത്തിനെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. മുസ്ലിം മതപണ്ഡിതന്മാരെയും ഇസ്ലാമിക ചിഹ്നങ്ങളെയും ആക്ഷേപിച്ച കെ സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാത്ത ഇടതു സര്‍ക്കാര്‍ നിലപാട് ആശ്ചര്യകരമാണ്. സംഘപരിവാര്‍ വളര്‍ച്ചയ്ക്ക് സിപിഎം വഴിയൊരുക്കി കൊടുക്കുകയാണ്.

വിഷലിപ്തവും മതവികാരം വ്രണപ്പെടുത്തുന്നതുമായ പ്രസ്താവന കെ സുരേന്ദ്രന്‍ ആദ്യമായല്ല നടത്തുന്നത്. പൗരത്വ സമരം ശക്തമായി നിന്ന ഘട്ടത്തില്‍ സ്തൂപങ്ങളും സ്മാരകങ്ങളും കെട്ടി തീവ്രവാദികള്‍ അഴിഞ്ഞാടുകയാണെന്ന് കെ സുരേന്ദ്രന്റെ പറഞ്ഞിരുന്നു. പി എ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയത് മുസ്ലിം തീവ്രവാദികളുടെ വോട്ട് നേടാനാണെന്ന പ്രസ്താവനയും അദ്ദേഹം നടത്തി.

കെ സുരേന്ദ്രനും സംഘപരിവാര്‍ നേതാക്കള്‍ക്കും മുസ്ലിം വിഭാഗത്തിനെതിരെ എത്ര വിഷലിപ്ത പരാമര്‍ശങ്ങളും നടത്താന്‍ അനുവദിച്ചു നല്‍കുന്നത് മതനിരപേക്ഷ കേരളത്തിന് ഗുണകരമല്ല. സമൂഹത്തില്‍ അസഹിഷ്ണുത വളര്‍ത്തി രാഷ്ട്രീയ വിജയമാണ് ലക്ഷ്യമെങ്കില്‍ അത് കേരളീയ പൊതുസമൂഹം അംഗീകരിക്കില്ല. വര്‍ഗീയതയും വംശീയതയും കൈമുതലാക്കി കേരളത്തെ കലാപകലിഷിതമാക്കാനുള്ള സംഘപരിവാര്‍ ശ്രമത്തെ ബഹുസ്വര സമൂഹം തടയുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.

 

Latest News