ഉഡുപ്പി- കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഗള്‍ഫ് പ്രവാസിയുടെ കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളിയെ പിടികൂടാന്‍ അഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു. രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും കൊലയാളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളൊന്നും കൊലയാളി എടുത്തിരുന്നില്ല. എല്ലാ കോണുകളിലും അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. പ്രണയമാണോ കൂട്ടക്കൊലക്ക് പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഉഡുപ്പിയിലെ തൃപ്തി നഗറില്‍ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കൊലയാളി ഒരു സ്ത്രീയെയും അവളുടെ രണ്ട് പെണ്‍മക്കളെയും ഒരു മകനെയും അവരുടെ താമസസ്ഥലത്ത് നെഞ്ചിലും വയറിലും കുത്തിയാണ് കൊലപ്പെടുത്തിയത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് പോലീസ് ടീമുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കൂട്ടക്കൊല നടന്ന സ്ഥലത്തിന് സമീപം പ്രതി ഓട്ടോയില്‍ നിന്ന് ഇറങ്ങിയതിന്റേയും ബൈക്കില്‍ നിന്ന് വീഴുന്നതിന്റെ വീഡിയോ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഹസീന (46), മകള്‍ അഫ്‌നാന്‍ (23), അയ്‌നാസ് (21), മകന്‍ അസീം (12) എന്നിവരെയാണ് താമസസ്ഥലത്ത് വെച്ച് കൊലപ്പെടുത്തിയത്. ഹസീനയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന അഫ്‌നാന്‍ ഞായറാഴ്ച അവധിയായതിനാലാണ് വീട്ടിലെത്തിയത്.
കൊലയാളി മുഖംമൂടി ധരിച്ച് വീടിനുള്ളില്‍ അതിക്രമിച്ച് കയറി സ്ത്രീകളെ കാലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുറത്ത് കളിക്കുകയായിരുന്ന അസീം അകത്ത് വന്നപ്പോള്‍ കുത്തേറ്റു മരിച്ചു.
ഹസീനയുടെ ഭര്‍തൃ മാതാവിനേയും കൊലയാളി ആക്രമിച്ചിരുന്നു. അയല്‍പക്കത്തെ ഒരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.