Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗാസ നഗരത്തെ പൂർണമായും തകർത്തു തരിപ്പണമാക്കി ഇസ്രായിൽ

ഗാസ- ഇസ്രായിൽ സൈന്യം ഗാസയെ പൂർണമായും തകർത്തു തരിപ്പണമാക്കി. മനോഹരമായ നഗരങ്ങളിലൊന്നായിരുന്ന ഗാസയെ ഏതാനും ദിവസത്തെ വ്യോമ കരയാക്രമണത്തിലൂടെയാണ് ഇസ്രായിൽ തകർത്തു നാമാവശേഷമാക്കിയത്. ആക്രമണം നടക്കുന്നതിന് മുമ്പുള്ളതിന്റെയും ഇപ്പോഴത്തെയും ചിത്രം ഗാസയിൽനിന്ന് പുറത്തുവന്നു. അതേസമയം, ഇന്നും ഗാസയിൽ ഇസ്രായിൽ സൈന്യം നിഷ്ഠൂരമായ ആക്രമണമാണ് നടത്തുന്നത്. 


മരണം കാത്ത് കുഞ്ഞുങ്ങൾ


ഗാസ/ജറൂസലം - ഫലസ്തീനികളോട് അടങ്ങാത്ത പ്രതികാര ദാഹവുമായി ഗാസയെ വരിഞ്ഞുമുറുക്കുന്ന ഇസ്രായിൽ സേന നഗരത്തിലെ ആശുപത്രികളെ യുദ്ധക്കളമാക്കുന്നു. ആശുപത്രിയിൽ ഉള്ളവർ, ഡോക്ടറെന്നോ രോഗിയെന്നോ അഭയാർഥികളെന്നോ ഭേദമില്ലാതെ പുറത്തു പോകണമെന്ന് ആവശ്യപ്പെടുകയും പുറത്തു പോകുന്നവരെ വെടിവെക്കുകയും ചെയ്യുകയാണ് ഇസ്രായിൽ കരസേന. പൂർണമായും ഇസ്രായിൽ ഉപരോധത്തിലായതോടെ ഇന്ധനങ്ങളും മരുന്നുകളും തീർന്ന് രണ്ട് പ്രധാന ആശുപത്രികൾ പ്രവർത്തനം നിർത്തി. 

വടക്കൻ ഗാസയിലെ അൽ ഷിഫ, അൽ ഖുദ്‌സ് ആശുപത്രികളാണ് വൻ പ്രതിസന്ധിയിലകപ്പെട്ടത്. മാരകമായി പരിക്കേറ്റ നൂറുകണക്കിന് ആളുകളെയും കുഞ്ഞുങ്ങളെയും പ്രവേശിപ്പിച്ച അൽ ഷിഫ ആശുപത്രിക്ക് ചുറ്റും വലയം തീർത്ത് തുരുതുരാ വെടിവെക്കുകയാണ് ഇസ്രായിൽ സൈന്യം. ആശുപത്രികളെ ഇവ്വിധം ആക്രമിക്കുന്ന പശ്ചാത്തലത്തിൽ ബന്ദിമോചനവുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും അവസാനിപ്പിക്കുകയാണെന്ന് ഹമാസ് പറഞ്ഞു. 

ആശുപത്രിയിൽ ചികിത്സയിലുള്ളവർ ഏതു സമയവും ജീവൻ വെടിയാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. വൈദ്യുതി നിലച്ചതു മൂലം ഇൻക്യുബേറ്ററിൽ കഴിഞ്ഞ രണ്ട് കുട്ടികൾ മരിച്ചു. നാൽപതോളം കുട്ടികൾ മരണാസന്നരാണ്. ഇൻക്യുബേറ്ററിൽനിന്ന് പുറത്തെടുത്ത കുഞ്ഞുങ്ങളെ സാധാരണ ബെഡിൽ കിടത്തിയിരിക്കുകയാണ്. ആശുപത്രിക്കുളളിൽ ഹമാസ് പോരാളികൾ തമ്പടിച്ചിട്ടുണ്ടെന്ന ന്യായം പറഞ്ഞാണ് ആക്രമണമെങ്കിലും മെഡിക്കൽ ജീവനക്കാർ ഇത് നിഷേധിക്കുകയാണ്.

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയും മറ്റൊരു പ്രധാന ആശുപത്രിയായ അൽഖുദ്‌സും ഞായറാഴ്ച പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു. ബോംബാക്രമണത്തിൽ പരിക്കേൽക്കുന്നവരെ പ്രവേശിപ്പിക്കുന്ന പ്രധാന ആശുപത്രികളാണിത്. എന്നാൽ ഇനി ആരെയും പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് അധികൃതർ പറഞ്ഞു. അൽ ഷിഫ ആശുപത്രിയുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നും അവിടെ കുടുങ്ങിക്കിടക്കുന്നവരെക്കുറിച്ച് ആശങ്കയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. അൽഖുദ്‌സ് ആശുപത്രിയും പ്രവർത്തന രഹിതമാണെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് പറഞ്ഞു. ഗാസയിൽ ഒരിടത്തും സുരക്ഷിതമല്ലെന്ന് ഭയന്ന് ഇസ്രായിലി ഉപദേശത്തിന് അനുസൃതമായി തെക്കോട്ട് പലായനം ചെയ്യുകയായിരുന്നവരും ആക്രമിക്കപ്പെട്ടു.  
ഇൻകുബേറ്ററുകൾക്ക് നേരെ ബോംബെറിഞ്ഞതായി ഷിഫ ഹോസ്പിറ്റലിലെ ഒരു പ്ലാസ്റ്റിക് സർജൻ പറഞ്ഞു. കാർഡിയാക് വാർഡ് പൂർണമായും തകർക്കപ്പെട്ടു. ഐ.സി.യു പ്രവർത്തന രഹിതമായി. മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളെ ഇൻകുബേറ്ററിൽ കിടത്തിയില്ലെങ്കിൽ ജീവൻ രക്ഷിക്കാനാവില്ലെന്ന് ഡോ. അഹമ്മദ് എൽ മൊഖല്ലലതി പറഞ്ഞു. ദിനംപ്രതി കുട്ടികൾ മരിക്കുകയാണ്.
ഇസ്രായിൽ വെടിവെപ്പ് മെഡിക്കൽ ജീവനക്കാരെയും സാധാരണക്കാരെയും ഒരുപോലെ ഭയപ്പെടുത്തുന്നതായി ഗാസ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അൽഖിദ്ര പറഞ്ഞു. ആശുപത്രികൾക്ക് കീഴിലും സമീപത്തും ഹമാസ് കമാൻഡ് സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഒരു മാസം മുമ്പ് തീവ്രവാദികൾ ബന്ദികളാക്കിയ ഇരുന്നൂറോളം പേരെ മോചിപ്പിക്കേണ്ടതുണ്ടെന്നും ഇസ്രായിൽ പറയുന്നു. എന്നാൽ ഇത്തരത്തിൽ ആശുപത്രികൾ ഉപയോഗിക്കുന്നെന്ന ആരോപണം ഹമാസ് നിഷേധിച്ചു. ഹമാസിന് മേലുള്ള സൈനിക സമ്മർദമാണ് ബന്ദികളെ പുറത്തെടുക്കാനുള്ള ഏക മാർഗമെന്നാണ് ഇസ്രായിൽ നിലപാട്. ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തറിലെ ഉദ്യോഗസ്ഥർ ഇതിനോട് പ്രതികരിച്ചില്ല.
ഞായറാഴ്ച ഷിഫയിൽനിന്ന് കുട്ടികളെ ഒഴിപ്പിക്കാൻ സൈന്യം സഹായിക്കുമെന്ന് ഇസ്രായിൽ മുഖ്യ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞിരുന്നെങ്കിലും ഒന്നും ചെയ്തില്ല. കുഞ്ഞുങ്ങളെ എങ്ങനെ സുരക്ഷിതമായി എത്തിക്കണമെന്ന് തങ്ങളോട് പറഞ്ഞിട്ടില്ലെന്ന് ഖിദ്ര പറഞ്ഞു. ആകെയുള്ള 45 കുഞ്ഞുങ്ങളിൽ മൂന്ന് പേർ ഇതിനകം മരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രിക്ക് ഇന്ധനം വാഗ്ദാനം ചെയ്‌തെങ്കിലും അത് നിരസിക്കുകയായിരുന്നെന്നു വിശദാംശങ്ങൾ നൽകാതെ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
അൽ ഖുദ്‌സ് ആശുപത്രിക്ക് പുറംലോകവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു. ഒരു വഴിയുമില്ല, പുറത്തു കടക്കാനാവില്ല  -ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസിന്റെയും റെഡ് ക്രസന്റ് സൊസൈറ്റിയുടെയും വക്താവ് ടോമാസോ ഡെല്ല ലോംഗ പറഞ്ഞു. 
ഗാസയിലുടനീളം സ്ഥിതി വഷളായതോടെ, വെള്ളിയാഴ്ചക്ക് ശേഷം 80 വിദേശികളും പരിക്കേറ്റ നിരവധി ഫലസ്തീനികളും ഈജിപ്തിലേക്ക് കടന്നതായി ഈജിപ്ഷ്യൻ സുരക്ഷ വൃത്തങ്ങൾ അറിയിച്ചു.
 18 പേർ തങ്ങളുടെ പൗരന്മാരാണെന്ന് പോളണ്ട് പറഞ്ഞു. അമേരിക്കൻ പൗരന്മാരെ ഗാസയിൽനിന്ന് മാറ്റാനുള്ള ശ്രമം തുടരുകയാണ്. ഞായറാഴ്ച ഉച്ചയോടെ കുറഞ്ഞത് 80 റിലീഫ് ട്രക്കുകളെങ്കിലും ഈജിപ്തിൽനിന്ന് ഗാസയിലേക്ക് നീങ്ങിയിരുന്നു. ഫീൽഡ് ഹോസ്പിറ്റലിലേക്ക് രണ്ടാമത്തെ ബാച്ചിനെ എയർഡ്രോപ് ചെയ്തതായി ജോർദാൻ പറഞ്ഞു.
ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 11,078 ആയി. ഇതിൽ നാൽപത് ശതമാനവും കുട്ടികളാണ്. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ വീടിന് നേരെ ഞായറാഴ്ച ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ വകുപ്പ് അറിയിച്ചു. വടക്കൻ ഗാസയിലെ തീരപ്രദേശത്തുള്ള അൽഷാതി അഭയാർഥി ക്യാമ്പിന് ചുറ്റും പോരാട്ടം വർധിച്ചതായി അവിടത്തുകാർ പറയുന്നു. അവിടെ നിരവധി തീവ്രവാദികളെ വധിച്ചതായി ഇസ്രായിൽ സൈന്യവും പറഞ്ഞു. ലെബനോനുമായുള്ള ഇസ്രായിലിന്റെ വടക്കൻ അതിർത്തിയിലും സംഘർഷം തുടരുകയാണ്. ലെബനോനിലെ ഹിസ്ബുള്ള ഗ്രൂപ്പ്, ഞായറാഴ്ച ഡോവെവ് ബാരക്കിന് സമീപം ഇസ്രായിൽ സൈനികരെ ആക്രമിച്ച് നാശനഷ്ടങ്ങൾ വരുത്തി. 


 

Latest News