ന്യൂഡൽഹി - ഗാസയിലെ ഇസ്രായിലിന്റെ വംശഹത്യയെ പിന്തുണക്കുന്ന സർക്കാറുകളെ ഓർത്ത് ലജ്ജിക്കുന്നതായി എ.ഐ.സി.സി ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധി. പറഞ്ഞു. എത്ര പരിതാപകരവും അപമാനകരവുമായ നാഴികക്കല്ലാണ് നാം പിന്നിട്ടുകൊണ്ടിരിക്കുന്നത്. ഗാസയിൽ പതിനായിരത്തിലധികം ആളുകൾ ഇതിനകം കൊല്ലപ്പെട്ടു. അതിൽ പകുതിയോളം കുട്ടികളാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ പത്ത് മിനുട്ടിലും ഒരു കുട്ടി കൊല്ലപ്പെടുന്നു. ഇപ്പോൾ ചെറിയ കുഞ്ഞുങ്ങളെ ഓക്‌സിജന്റെ അഭാവം മൂലം ഇൻകുബേറ്ററുകളിൽ നിന്ന് നീക്കം ചെയ്യുകയും മരിക്കാൻ വിട്ടുകൊടുക്കുകയുമാണ്. എന്നിട്ടും, ഈ വംശഹത്യയെ പിന്തുണക്കുന്നവരുടെ മനസ്സാക്ഷിക്ക് ഒരു തരത്തിലുള്ള ഞെട്ടലുമില്ല. വെടിനിർത്തലില്ല, കൂടുതൽ ബോംബുകൾ, കൂടുതൽ അക്രമം, കൂടുതൽ കൊലപാതകങ്ങൾ, കൂടുതൽ കഷ്ടപ്പാടുകൾ. ഈ നാശത്തെ പിന്തുണക്കുന്ന സർക്കാരുകളെ ഓർത്ത് ലജ്ജിക്കുകയാണ്. എപ്പോൾ മതിയാക്കുമിതെന്നും പ്രിയങ്ക ഗാന്ധി കുറിച്ചു.






