ഗാസ-ഇസ്രായില്‍ സൈനികര്‍ വളഞ്ഞിരിക്കുന്ന ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയില്‍ രോഗികളും അഭയം തേടിയവരും അടക്കം ആയിരങ്ങള്‍ കുടിങ്ങിക്കടക്കുന്നു. അഞ്ചാഴ്ച മുമ്പ് ഇസ്രായില്‍ ആരംഭിച്ച ആക്രമണത്തിന്റെ കേന്ദ്രമായി മാറിയിരിക്കയാണ് ഗാസ സിറ്റിയിലെ അല്‍ശിഫ ആശുപത്രി.
ഇസ്രായില്‍ നിര്‍ത്താതെ തുടരുന്ന ബോംബാക്രമണത്തില്‍ ഇതുവരെ 11,180 ഫലസ്തീനികലാണ് കൊല്ലപ്പെട്ടത്. ഇവരില്‍ 4609 കുട്ടികള്‍ ഉള്‍പ്പെടുന്നുവെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
രോഗികളും ജീവനക്കാരുമടക്കം 3000 പേര്‍ ആവശ്യമായ വെള്ളമോ ഭക്ഷണമോ ഇന്ധനമോ ഇല്ലാതെ ആശുപത്രിയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയും മറ്റ് യു.എന്‍. ഏജന്‍സികളും പറയുന്നു.
ഗാസയിലെ 36 ആശുപത്രികളില്‍ 20 എണ്ണം പൂര്‍ണമായും നിലച്ചിരിക്കയാണെന്ന് യു.എന്‍ ജീവകാരുണ്യ ഏജന്‍സി പറയുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഇന്ധനം ഇല്ലാത്തതിനാല്‍ ഗാസ സിറ്റിയിലെ അല്‍ ഖുദ്‌സ് ആശുപത്രിയുടെ പ്രവര്‍ത്തനവും നിലച്ചിരിക്കയാണെന്ന് ഫലസ്തീനിയന്‍ റെഡ്ക്രസന്റ് അറിയിച്ചു.
സൈന്യം വളഞ്ഞിരിക്കുന്ന അല്‍ ശിഫ ആശുപത്രി ഹമാസിന്റെ ആസ്ഥാനമാണെന്നാണ് ഇസ്രായില്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് പറഞ്ഞത്. അതേസമയം, ആശുപത്രി സംവിധാനങ്ങള്‍ സൈന്യം ലക്ഷ്യമാക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആശുപത്രിയില്‍ മാസം തികയാതെ പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങള്‍ കൂടി ഇന്‍കുബേറ്ററില്‍ മരിച്ചതായി ഗാസ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി യൂസുഫ് അബൂ രീഷ് പറഞ്ഞു. നേരത്തെ രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ആറ് രോഗികള്‍ ഗുരുതര നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് പോരാളികള്‍ ആശുപത്രിയിലും തുരങ്കത്തിലും ഒളിച്ചിരിക്കയാണെന്ന ഇസ്രായിലിന്റെ ആരോപണം ഹമാസും ഗാസ നിവാസികളും ആവര്‍ത്തിച്ച് നിഷേധിക്കുന്നുണ്ട്.