Sorry, you need to enable JavaScript to visit this website.

നവകേരള സദസിന് സ്വകാര്യ ബസുകള്‍  സൗജന്യമായി വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ സമ്മര്‍ദമെന്ന് ഉടമകള്‍

കോഴിക്കോട്- നവകേരള സദസിന് സ്വകാര്യ ബസുകള്‍ സൗജന്യമായി വിട്ടുനല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ബസുടമകള്‍. പരിപാടിക്ക് ആളെയെത്തിക്കാനായി ബസുകള്‍ വിട്ടുനല്‍കണമെന്ന് ഉടമകളോട് ആവശ്യപ്പെടുന്നു എന്നാണ് പരാതി. വാടക നല്‍കാതെ ബസ് വിട്ടുനല്‍കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
നവകേരള സദസിന് വേണ്ട ഗതാഗത സൗകര്യം ഏര്‍പ്പെടുത്താനുള്ള ചുമതല അതത് ജില്ലകളിലെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് നല്‍കിയിരിക്കുന്നത്. നോഡല്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്ന മുറക്കാണ് വാഹനങ്ങള്‍ സംഘടിപ്പിച്ചു കൊടുക്കേണ്ടത്. പരിപാടി നടക്കുന്ന ദിവസങ്ങളില്‍ ഉദ്യോഗസ്ഥരെ എത്തിക്കുന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ക്കായി സ്വകാര്യ ബസുകള്‍ സൗജന്യമായി വിട്ടുനല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടമകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് ആക്ഷേപം. മലപ്പുറം ജില്ലയില്‍ നാല് ദിവസം നീളുന്ന പരിപാടിക്കായി അറുപത് ബസുകള്‍ ആവശ്യപ്പെട്ടതായാണ് ഉടമകള്‍ പറയുന്നത്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നവകേരള സദസിന് ബസ് വിട്ടു കൊടുത്താല്‍ പതിനായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെ നഷ്ടം വരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലീസിനായി ഓടിയ പണം ഇതുവരെയും കിട്ടിയിട്ടില്ലെന്നും ബസുടമകള്‍ പറയുന്നു.
പരിപാടിക്കായി ബസ് വിട്ടു നല്‍കിയ ശേഷം അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് പോലും കിട്ടില്ല. ഉദ്യോഗസ്ഥര്‍ രേഖാ മൂലം ആവശ്യപ്പെട്ടാല്‍ മാത്രം ബസുകള്‍ വിട്ടു നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് ഉടമകള്‍. അതേ സമയം സേവനമെന്ന നിലയിലാണ് ബസുകള്‍ ആവശ്യപ്പെട്ടതെന്നും ആരേയും നിര്‍ബന്ധിച്ചിട്ടില്ലെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

Latest News