ഗാസ- ഗാസയിലെ അല്‍ഷിഫ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ ഏതു സമയവും ജീവന്‍ വെടിയാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. വൈദ്യുതി നിലച്ചതുമൂലം ഇന്‍ക്യുബേറ്ററില്‍ കഴിഞ്ഞ രണ്ട് കുട്ടികള്‍ മരിച്ചു. നാല്‍പതോളം കുട്ടികള്‍ മരണാസന്നരാണ്. ഇന്‍ക്യുബേറ്ററില്‍നിന്ന് പുറത്തെടുത്ത കുഞ്ഞുങ്ങളെ സാധാരണ ബെഡില്‍ കിടത്തിയിരിക്കുകയാണ്. ആശുപത്രിക്കുളളില്‍ ഹമാസ് പോരാളികള്‍ തമ്പടിച്ചിട്ടുണ്ടെന്ന ന്യായം പറഞ്ഞാണ് ആക്രമണമെങ്കിലും മെഡിക്കല്‍ ജീവനക്കാര്‍ ഇത് നിഷേധിക്കുകയാണ്.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയും മറ്റൊരു പ്രധാന ആശുപത്രിയായ അല്‍ഖുദ്‌സും ഞായറാഴ്ച പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അറിയിച്ചു. ബോംബാക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരെ പ്രവേശിപ്പിക്കുന്ന പ്രധാന ആശുപത്രികളാണിത്. എന്നാല്‍ ഇനി ആരേയും പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. അല്‍ ഷിഫ ആശുപത്രിയുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നും അവിടെ കുടുങ്ങിക്കിടക്കുന്നവരെക്കുറിച്ച് ആശങ്കയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. അല്‍ഖുദ്‌സ് ആശുപത്രിയും പ്രവര്‍ത്തനരഹിതമാണെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് പറഞ്ഞു. ഗാസയില്‍ ഒരിടത്തും സുരക്ഷിതമല്ലെന്ന് ഭയന്ന് ഇസ്രായിലി ഉപദേശത്തിന് അനുസൃതമായി തെക്കോട്ട് പലായനം ചെയ്യുകയായിരുന്നവരും ആക്രമിക്കപ്പെട്ടു.
ഇന്‍കുബേറ്ററുകള്‍ക്ക് നേരെ ബോംബെറിഞ്ഞതായി ഷിഫ ഹോസ്പിറ്റലിലെ ഒരു പ്ലാസ്റ്റിക് സര്‍ജന്‍ പറഞ്ഞു. കാര്‍ഡിയാക് വാര്‍ഡ് പൂര്‍ണമായും തകര്‍ക്കപ്പെട്ടു. ഐ.സി.യു പ്രവര്‍ത്തനരഹിതമായി. മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളെ ഇന്‍കുബേറ്ററില്‍ കിടത്തിയില്ലെങ്കില്‍ ജീവന്‍ രക്ഷിക്കാനാവില്ലെന്ന് ഡോ. അഹമ്മദ് എല്‍ മൊഖല്ലലതി പറഞ്ഞു. ദിനംപ്രതി കുട്ടികള്‍ മരിക്കുകയാണ്.