Sorry, you need to enable JavaScript to visit this website.

ഫലസ്തീനികൾക്ക് സഹായം എത്തിക്കാൻ മാര്‍പാപ്പയുടെ ആഹ്വാനം

വത്തിക്കാന്‍-ഇസ്രായിലും ഹമാസും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ  ആവശ്യപ്പെട്ടു. ആയുധങ്ങള്‍ നിശ്ശബ്ദമാകട്ടെ, അവ ഒരിക്കലും സമാധാനം കൊണ്ടുവരില്ല, സംഘര്‍ഷം പടരാതിരിക്കട്ടെ. മതി, മതി സഹോദരന്മാരെ, മതി. വത്തിക്കാനില്‍ പ്രാര്‍ഥന നടത്തവേ അദ്ദേഹം പറഞ്ഞു.ഗാസയില്‍ പരിക്കേറ്റവരെ സഹായിക്കണമെന്നും കൂടുതല്‍ മാനുഷിക സഹായം എത്തിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയ ആളുകളെ മോചിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എല്ലാ മനുഷ്യരും, ക്രിസ്ത്യാനിയോ, ജൂതനോ, മുസ്ലിമോ ഏതു മതക്കാരനോ ആകട്ടെ, ഓരോ മനുഷ്യനും പവിത്രമാണ്, ദൈവത്തിന്റെ ദൃഷ്ടിയില്‍ വിലപ്പെട്ടതാണ്, സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട് -അദ്ദേഹം പറഞ്ഞു.
അതേസമയം, ഗാസയില്‍ ഇസ്രായിലിന്റെ കിരാതമായ അതിക്രമങ്ങള്‍ തുടരുകയാണ്. അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ച് ഗാസയിലെ ആശുപത്രികള്‍ ഇസ്രായില്‍ വളഞ്ഞാക്രമിച്ചു. ഗാസയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ അല്‍ ഷിഫയിലെ തീവ്രപരിചരണ വിഭാഗം ഇസ്രായില്‍ സൈന്യത്തിന്റെ ഷെല്‍ ആക്രമണത്തില്‍ തകര്‍ന്നു.  ഇന്‍ക്യുബേറ്ററില്‍ ചികിത്സയിലിരുന്ന നവജാത ശിശുവും ഒരു യുവാവും കൊല്ലപ്പെട്ടെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്‍ക്യുബേറ്ററുകളിലുള്ള 39 കുഞ്ഞുങ്ങളുടെ നില അപകടത്തിലാണ്. നിരോധിത ആയുധമായ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.
വിനാശകരമായ സാഹചര്യം കാരണം നൂറുകണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാണെന്ന് ഗാസയിലെ ആശുപത്രികളുടെ ഡയറക്ടര്‍ ജനറല്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായില്‍ സൈന്യം മുറിവേറ്റവരെ ബലം പ്രയോഗിച്ച് തെരുവിലേക്ക് ഇറക്കിവിട്ട് മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രി പറയുന്നു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ഷിഫയുടെ കവാടത്തില്‍ ഇസ്രായില്‍ സൈന്യം വെടിയുതിര്‍ക്കാന്‍ കാത്തുനില്‍ക്കുന്നു. ഞങ്ങള്‍ ഒറ്റപ്പെട്ടു. ലോകമെമ്പാടും സഹായം അഭ്യര്‍ഥിച്ചു. പ്രതികരണമൊന്നുമില്ല -ഡയറക്ടര്‍ മുഹമ്മദ് അബു സാല്‍മിയ പറഞ്ഞു.
ഏതു നിമിഷവും മരിക്കാമെന്ന സ്ഥിതിയിലാണ് അല്‍ഷിഫയിലെ ആരോഗ്യ പ്രവര്‍ത്തകരും രോഗികളും.  
ഇതിനിടെ, ഇസ്രായില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ തുല്യമല്ലെങ്കിലും  48 മണിക്കൂറിനിടെ 25 ലധികം വാഹനങ്ങള്‍ ഉള്‍പ്പെടെ ഗാസയിലെ 160 ലേറെ ഇസ്രായില്‍ സൈനിക സന്നാഹങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ത്തതായി ഹമാസ് അവകാശപ്പെട്ടു. ഏറ്റുമുട്ടല്‍ താരതമ്യം ചെയ്യാനാവില്ലെങ്കിലും മേഖലയിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയെ ഭയപ്പെടുത്തിയിരിക്കയാണെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസാം ബ്രിഗേഡ്സ് വക്താവ് അബു ഉബൈദ പറഞ്ഞു.
ഫലസ്തീനികളെ കൊന്നൊടുക്കുന്ന ക്രൂരത തുടരുന്ന ഇസ്രായിലിനുമേല്‍ സമ്മര്‍ദം ശക്തമായിട്ടുണ്ട്. ഫലസ്തീന്‍ സിവിലിയന്മാരെ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ വേണമെന്ന് ഇസ്രായിലിനുമേല്‍ പ്രധാന സഖ്യകക്ഷിയായ അമേരിക്കയില്‍ നിന്നടക്കം അന്താരാഷ്ട്ര സമ്മര്‍ദമുണ്ട്.
ഫലസ്തീനികള്‍ക്കെതിരെ ആരംഭിച്ച ആക്രമണം അഞ്ചാഴ്ച പിന്നിട്ടപ്പോള്‍ ഇസ്രായില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 11,000 കവിഞ്ഞു.

 

Latest News