ഇസ്രായില്‍ കുടിയേറ്റങ്ങളെ അപലപിച്ച് യു. എന്‍ പ്രമേയം പാസ്സാക്കി; ഇന്ത്യ ഉള്‍പ്പെടെ 145 രാജ്യങ്ങള്‍ അനുകൂലം

ന്യൂയോര്‍ക്ക്- കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള അധിനിവേശ ഫലസ്തീന്‍ പ്രദേശത്തും അധിനിവേശ സിറിയന്‍ ഗോലാനിലും നടക്കുന്ന ഇസ്രായില്‍ കുടിയേറ്റങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി. ഇന്ത്യ ഉള്‍പ്പെടെ 145 രാജ്യങ്ങളാണ് കരട് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. 18 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. 

കിഴക്കന്‍ ജറുസലേമും അധിനിവേശ സിറിയന്‍ ഗോലാനും ഉള്‍പ്പെടെ അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ ഇസ്രായില്‍ കുടിയേറ്റം എന്ന തലക്കെട്ടിലുള്ള യു. എന്‍ കരട് പ്രമേയത്തെ എതിര്‍ത്ത് കാനഡ, ഹംഗറി, ഇസ്രായില്‍, മാര്‍ഷല്‍ ദ്വീപുകള്‍, ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ, നൗറു, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളാണ് വോട്ട് ചെയ്തത്.

വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന കരട് പ്രമേയത്തിലുള്ള വോട്ടെടുപ്പില്‍ നിന്ന് കഴിഞ്ഞ മാസം ഇന്ത്യ വിട്ടുനിന്നിരുന്നു. ഹമാസിനെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജോര്‍ദാന്‍ സമര്‍പ്പിച്ച കരട് പ്രമേയത്തില്‍ ഇന്ത്യ വോട്ട് ചെയ്യാതിരുന്നത്. എന്നാല്‍ 'സിവിലിയന്‍മാരുടെ സംരക്ഷണവും നിയമപരവും മാനുഷികവുമായ ബാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കുക' എന്ന തലക്കെട്ടിലുള്ള ഈ പ്രമേയം യു. എന്‍ ജനറല്‍ അസംബ്ലി പാസാക്കിയിരുന്നു. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചും 14 രാജ്യങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങളാണ് വിട്ടുനിന്നത്. 

വെള്ളം, ഭക്ഷണം, മെഡിക്കല്‍ വിതരണം, ഇന്ധനം, വൈദ്യുതി എന്നിവയില്‍ മാത്രം പരിമിതപ്പെടുത്താതെ ഗാസ മുനമ്പിലെമ്പാടുമുള്ള സാധാരണക്കാര്‍ക്ക് അവശ്യ വസ്തുക്കളും സേവനങ്ങളും കൃത്യമായി ലഭ്യമാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കരട് പ്രമേയം അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം, സാധാരണക്കാര്‍ക്ക് അവരുടെ നിലനില്‍പ്പിന് അനിവാര്യമായ വസ്തുക്കള്‍ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയുന്നു.

ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിനും മറ്റെല്ലാ മാനുഷിക സംഘടനകള്‍ക്കും അവിടേക്ക് പ്രവേശിക്കാനുള്ള അനുമതിയും കരട് പ്രമേയം ആവശ്യപ്പെടുന്നു. മാനുഷിക തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഗാസ മുനമ്പിലെ സാധാരണക്കാര്‍ക്ക് അടിയന്തര സഹായം എത്തിക്കുക, മാനുഷിക ഇടനാഴികളും സാധാരണക്കാര്‍ക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള മറ്റ് സംരംഭങ്ങളും സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നിവയും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

Latest News