ഗാസ- ഗാസയിലെ ആശുപത്രികളിൽനിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഇറക്കി വിട്ട് ഇസ്രായിൽ സൈന്യം. അതീവഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് സൈന്യം സ്വാഭാവിക മരണത്തിലേക്ക് തള്ളിവിട്ട് ആശുപത്രിയിൽനിന്ന് ഇറക്കിവിടുന്നത്. ഫലസ്തീൻ ആരോഗ്യ മന്ത്രി മൈ അൽകൈലയാണ് ഇക്കാര്യം അറിയിച്ചത്. മുറിവേറ്റവരെയും രോഗികളെയും ബലമായി തെരുവിലിറക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇത് ഒഴിപ്പിക്കലല്ല. ആയുധ ഭീഷണിയിൽ പുറത്താക്കലാണെന്ന് അവർ പറഞ്ഞു. വൃക്ക രോഗികൾ അടക്കം നിരവധി പേരെയാണ് സൈന്യം പുറത്താക്കിയത്. അൽറാന്റിസിയിലെ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 3,000 കാൻസർ രോഗികളെ ഇസ്രായിൽ സൈന്യം ബലം പ്രയോഗിച്ച് പുറത്താക്കിയെന്നും മന്ത്രി അറിയിച്ചു.






