Sorry, you need to enable JavaScript to visit this website.

റെക്കോര്‍ഡ് നേട്ടം തന്നെ; പക്ഷെ, വിളക്കുകളില്‍ നിന്ന് എണ്ണ മോഷ്ടിക്കുന്ന വീഡിയോ പുറത്ത്

ലഖ്‌നൗ-അയോധ്യയിലെ സരയൂ നദിയുടെ തീരത്ത് 22 ലക്ഷം വിളക്കുകള്‍ പ്രകാശം പരത്തിയതിനു പിന്നാലെ വിളക്കുകളില്‍നിന്ന് എണ്ണ മോഷ്ടിച്ചു കൊണ്ടുപോകുന്ന കുട്ടികളുടെ വീഡിയോ പോസ്റ്റ് ചെയ്ത് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍മുഖ്യമന്ത്രിയുമയ അഖിലേഷ് യാദവ്.
ദാരിദ്ര്യം ദിവ്യത്വ വിളക്കില്‍ നിന്ന് എണ്ണ എടുക്കാന്‍ ഒരാളെ നിര്‍ബന്ധിക്കുന്നിടത്ത് ആഘോഷത്തിന്റെ വെളിച്ചം മങ്ങുന്നുവെന്ന അടിക്കുറിപ്പോടെയാണ് അഖിലേഷിന്റെ വീഡിയോ.
അയോധ്യയില്‍ ഒരു ഘട്ടില്‍ കത്തിച്ച വിളക്കുകളില്‍നിന്ന് കുട്ടികള്‍ എണ്ണ എടുത്ത് പാത്രങ്ങളില്‍ നിറയ്ക്കുന്ന വീഡിയോ ആണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഞായറാഴ്ച എക്‌സില്‍ പങ്കുവെച്ചത്.
ദരിദ്രരുടെ ഓരോ വീടും പ്രകാശിപ്പിക്കുന്ന ഇത്തരമൊരു ഉത്സവം ഉണ്ടാകണം എന്നതാണ് ഞങ്ങളുടെ ഒരേയൊരു ആഗ്രഹം- അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ സരയൂ നദീതീരത്ത് 22 ലക്ഷത്തിലധികം മണ്‍വിളക്കുകള്‍ കത്തിച്ചാണ് ദീപോത്സവത്തില്‍ റെക്കോര്‍ഡ് നേട്ടം കൊയ്തത്.  
22.23 ലക്ഷം മണ്‍വിളക്കുകളാണ് തെളിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.47 ലക്ഷം കൂടുതല്‍.  25,000 സന്നദ്ധപ്രവര്‍ത്തകരാണ് നദീതീരത്ത് 51 കേന്ദ്രങ്ങളില്‍ വിളക്കുകള്‍ കത്തിച്ചത്.
ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ പ്രതിനിധികള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വിളക്കുകള്‍ എണ്ണി ലോക റെക്കോര്‍ഡായി രേഖപ്പെടുത്തിയതിന് പിന്നാലെ അയോധ്യ 'ജയ് ശ്രീറാം' വിളികളാല്‍ മുഖരിതമായിരുന്നു.

 

Latest News