Sorry, you need to enable JavaScript to visit this website.

ഹമാസ്: ശശി തരൂരും ശൈലജ ടീച്ചറും തെറ്റ് തിരുത്തണം; മുഖ്യമന്ത്രിയുടേത് വിഭജന രാഷ്ട്രീയമെന്നും കെ മുരളീധരൻ

കോഴിക്കോട് - ഒക്ടോബർ ഏഴിലെ ഹമാസിന്റെ പ്രത്യാക്രമണം പതിറ്റാണ്ടുകളായി പിറന്ന മണ്ണിൽ ദുരിതമനുഭവിക്കുന്നവരുടെ വികാരപ്രകടനമായി മാത്രമേ കാണാനാവൂ എന്നും അത് ഭീകരാക്രമണമല്ലെന്നും കോൺഗ്രസ് എന്നും ഫലസ്തീന് ഒപ്പമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം.പി പറഞ്ഞു. ഹമാസ് വിഷയത്തിൽ ശശി തരൂരിന്റെ ഒരൊറ്റ വാക്കാണ് കോൺഗ്രസിന് പ്രയാസമുണ്ടാക്കുന്നതെന്നും അദ്ദേഹം അത് തിരുത്തണമെന്നും പറഞ്ഞ മുരളി, കെ.കെ ശൈലജ ടീച്ചറെ തിരുത്താൻ സി.പി.എമ്മും തയ്യാറവണമെന്ന് ആവശ്യപ്പെട്ടു.
 ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ല എന്ന ആക്ഷേപം പച്ചക്കള്ളമാണ്. കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി തീരുമാനം കഴിഞ്ഞദിവസം രമേശ് ചെന്നിത്തല കോഴിക്കോട്ട് വിശദീകരിക്കുകയുണ്ടായി. അതാണ് എ.ഐ.സി.സിയുടെ നിലപാട്. സി.പി.എമ്മിൽ ശൈലജ ടീച്ചറുടേത് പോലെ, ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പ്രസ്താവനയാണ് കോൺഗ്രസിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്. തരൂർ പ്രസ്താവന തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു. 
 തരൂരിന്റെ ആ പ്രസ്താവന കോൺഗ്രസ് അംഗീകരിക്കുന്നില്ല. കോൺഗ്രസ് സംഘടിപ്പിക്കുന്ന ഫലസ്തീൻ പരിപാടിയിൽ തരൂരിനെ വിളിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംഘടകരാണ്. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസ് വെള്ളം ചേർത്തിട്ടില്ല. ശൈലജ ടീച്ചറെ തിരുത്താൻ മുഖ്യമന്ത്രിയും പാർട്ടിയും തയ്യാറാവണം. അത് തിരുത്താതെ തരൂരിനെ മാത്രം പൊക്കിപ്പിടിക്കുന്നതിൽ രാഷ്ട്രീയ മുതലെടുപ്പുണ്ട്. മുഖ്യമന്ത്രി ജനങ്ങളിൽ വിഭജനത്തിന്റെ കട തുറക്കാനാണ് ശ്രമിക്കുന്നത്. ഇത് ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സർക്കാർ സർവക്ഷി യോഗം വിളിക്കണം. പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുക്കണം. നിലവിലെ കേരളത്തിന്റെ അവസ്ഥയുടെ ഉദാഹരണമാണ് കുട്ടനാട്ടിലെ കർഷക ആത്മഹത്യ. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യവുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News