രണ്ട് മണിക്കൂറിനകം നിങ്ങളുടെ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കും, ആ അറിയിപ്പ് നിങ്ങള്‍ക്കും കിട്ടിയോ, എങ്കില്‍ സൂക്ഷിക്കണം

ന്യൂദല്‍ഹി - അടുത്ത രണ്ടു മണിക്കൂറിനുള്ളില്‍ നിങ്ങളുടെ മൈബൈല്‍ ഫോണ്‍ കണക്ഷന്‍ റദ്ദാക്കുമെന്ന് പറഞ്ഞു കൊണ്ട് ഒരു സന്ദേശം നിങ്ങളുടെ മൊബൈല്‍ ഫോണില്‍ എത്തിയോ? എങ്കില്‍ സൂക്ഷിക്കണമെന്ന് കാണിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ സന്ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍ വകുപ്പ് അധികൃതര്‍. രണ്ട് മണിക്കൂറിനുള്ളില്‍ നിങ്ങളുടെ മൊബൈല്‍ കണക്ഷന്‍ കേന്ദ്ര ടെലികോം മന്ത്രാലയം റദ്ദാക്കുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വ്യാജ സന്ദേശം അവകാശപ്പെടുന്നത്. വ്യാജ സന്ദേശം വിശ്വസിക്കാന്‍ സാധ്യതയുള്ള പലരും മൊബൈല്‍ കണക്ഷന്‍ റദ്ദാവുമെന്ന് പേടിച്ച് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത് പോലെ ചെയ്യാനും ചൂഷണങ്ങള്‍ക്ക് ഇരയാവാനും സാധ്യതയുണ്ട്. രാജ്യത്തെ ടെലികോം സംബന്ധമായ നയങ്ങളും പദ്ധതികളും നിയമപരമായ ചട്ടക്കൂടുകളും രൂപീകരിക്കുന്ന സര്‍ക്കാര്‍ വകുപ്പായ കേന്ദ്ര ടെലികോം വകുപ്പ് ഒരിക്കലും വ്യക്തികളെ ബന്ധപ്പെട്ട് അവരുടെ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കുമെന്ന തരത്തില്‍ അറിയിപ്പുകള്‍ നല്‍കാറില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ വളരെയധികം ശ്രദ്ധപുലര്‍ത്തണമെന്നും ഇത്തരം തട്ടിപ്പുകാരുടെ കെണിയില്‍ വീണ് കോളുകളോ സന്ദേശങ്ങളോ വിശ്വസിക്കുകയും വ്യക്തി വിവരങ്ങളും മറ്റും ഒരിക്കലും കൈമാറരുതെന്നും വലിയ തട്ടിപ്പാണ് ഇതിന് പിന്നിലുള്ളതെന്നും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന കോളുകളോ സന്ദേശങ്ങളോ ലഭിച്ചാല്‍ നാഷണല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലായ https://cybercrime.gov.inല്‍ ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യണമെന്നും അറിയിപ്പില്‍ പറയുന്നു. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും ചോര്‍ത്തി വലിയൊരു തട്ടിപ്പിനാണ് ഇതിന് പിന്നിലുള്ള സംഘങ്ങള്‍ കെണിയൊരുക്കുന്നത്. പണം നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെയാണ്.

 

Latest News