Sorry, you need to enable JavaScript to visit this website.

എസി കോച്ചില്‍ 6500 മുടക്കി ട്രെയിന്‍ യാത്ര,  മനംമടുപ്പിക്കുന്ന ദുര്‍ഗന്ധം ഫ്രീ, ഷെയിം 

കൊച്ചി- മുകാംബികയില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്രയുടെ ദുരിതക്കാഴ്ച പങ്കുവച്ച് പ്രമുഖ ട്രാവല്‍ വ്ളോഗറും യൂട്യൂബറുമായ സുജിത് ഭക്തന്‍. ടെക് ട്രാവല്‍ ഈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. കുടുംബവുമായി മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഹസ്രത് നിസാമുദ്ധീന്‍ - എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ് ട്രെയിനിലായിരുന്നു സുജിത്തും കുടുംബവും യാത്ര ചെയ്തത്. ഇത്രയും ദുരിതം നിറഞ്ഞ ഒരു ട്രെയിന്‍ യാത്ര ഈയടുത്ത് എനിക്കനുഭവപ്പെട്ടിട്ടില്ലെന്നും മണിക്കൂറുകളോളം മനംമടുപ്പിക്കുന്ന ദുര്‍ഗന്ധവും സഹിച്ചാണ് ഞങ്ങള്‍ എറണാകുളത്തെത്തിയതെന്നും സുജിത് വീഡിയോയില്‍ പറഞ്ഞു.
'പൊട്ടിപ്പൊളിഞ്ഞ ബാത്ത്‌റൂം, ഇതൊരു എസി കോച്ചും കൂടിയാണ്. 6500 രൂപയോളം മുടക്കി എട്ടോളം പേരാണ് ഈ ട്രെയിനില്‍ യാത്ര ചെയ്യുന്നത്. ആ കോച്ചിന്റെ അവസ്ഥയാണ് നിങ്ങള്‍ കാണുന്നത്. നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന വണ്ടിയാണിത്. ഈ ട്രെയിനിലെ യാത്രക്കാരൊക്കെ എങ്ങനെയാണ് ടോയ്ലെറ്റില്‍ പോകുന്നതെന്ന് ചോദിച്ചാല്‍ നിങ്ങള്‍ കരുതും അപ്പുറത്ത് വേറെ ടോയ്ലെറ്റ് ഉണ്ടാകില്ലേ, എന്നാല്‍ അതിനകത്ത് കയറാന്‍ പറ്റാത്ത അവസ്ഥയാണ്'- സുജിത് ഭക്തന്‍ വീഡിയോയില്‍ പറഞ്ഞു.
ടോയ്ലെറ്റിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പരാതിപ്പെട്ടിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും യാതൊരു പ്രതികരണവും റെയില്‍വെയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് സുജിത് പറഞ്ഞു. സാധാരണ പരാതി കൊടുത്താല്‍ പത്ത് മിനിറ്റിനുള്ളില്‍ റെയില്‍വെയുടെ കോള്‍ വരേണ്ടതാണ്. എന്നാല്‍ ഒരു മണിക്കൂറായിട്ടും ഒരു കോള്‍ പോലും വന്നില്ല. പരാതി അണ്ടര്‍ പ്രോസസ് എന്നാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest News