ഇന്ധനക്ഷാമവും ബോംബും; ഗാസയിലെ പ്രധാന ആശുപത്രി നിലച്ചു, കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തില്‍

ഗാസ- ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫയിലെ ഇന്‍കുബേറ്ററുകളില്‍ വൈദ്യുതി വിച്ഛേദിച്ചതിനാല്‍ ഡസന്‍ കണക്കിന് നവജാത ശിശുക്കള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് റാമല്ല ആസ്ഥാനമായുള്ള ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രണ്ട് കുഞ്ഞുങ്ങള്‍ ഇതിനകം മരിച്ചു. മാസം തികയാത്ത 36 ശിശുക്കളുടെ ജീവന്‍ ശരിക്കും അപകടത്തിലാണെന്നും ആശുപത്രിയിലെ ഡോക്ടര്‍മാരെ ഉദ്ധരിച്ച് ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇസ്രായിലിന് മുന്നറിയിപ്പ് നല്‍കി.
ഇന്ധനക്ഷാമവും ഇസ്രായില്‍ ആക്രമണവും കാരണം മെഡിക്കല്‍ കോംപ്ലക്‌സ് പ്രവര്‍ത്തനരഹിതമായതായി ഗാസയിലെ ഹമാസ്  ആരോഗ്യ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു.
ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് അല്‍ ശിഫ മെഡിക്കല്‍ കോംപ്ലക്‌സിലെ എല്ലാ വിഭാഗങ്ങളും വകുപ്പുകളും പൂര്‍ണ്ണമായും അടച്ചുപൂട്ടിയിരിക്കയാണെന്ന് വക്താവ് അശ്‌റഫ് ഖേദ്ര  പത്രക്കുറിപ്പില്‍ പറഞ്ഞു.
കുട്ടികളിലും ഗുരുതരമായ ആരോഗ്യസ്ഥിതിയിലുള്ളവരിലും മരണനിരക്ക് വര്‍ധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച രാവിലെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആശുപത്രിയുടെ പ്രധാന ഓക്‌സിജന്‍ വിതരണ ലൈനും തകര്‍ന്നതായി ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അബു സെല്‍മിയ പറഞ്ഞു. ഇത് പരിക്കേറ്റവരുടെയും അകത്തുള്ള രോഗികളുടെയും ജീവന് ഭീഷണിയാണെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായില്‍ ഡ്രോണുകള്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ എല്ലാവരേയും ലക്ഷ്യമിടുകയാണെന്നും ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ലെന്നും അബു സെല്‍മിയ പറഞ്ഞു.

 

Latest News