Sorry, you need to enable JavaScript to visit this website.

തൃശൂരില്‍ സര്‍ക്കാര്‍ ഓഫീസിലെ  പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പ്രത്യേക പ്രാര്‍ഥന 

തൃശൂര്‍-നെഗറ്റീവ് എനര്‍ജി ഒഴിവാക്കിയെടുക്കാന്‍ സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ഥന. വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ സിവില്‍ സ്റ്റേഷനിലുള്ള തൃശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസിലാണ് ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പാണ് സംഭവം. ഓഫീസ് സമയം വൈകീട്ട് 4.30-ഓടെ ഓഫീസില്‍ ഇത്തരത്തില്‍ പ്രാര്‍ഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ജീവനക്കാരോട് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ആവശ്യപ്പെട്ടു. ഇതേ ഓഫീസിലുള്ള ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കെടുക്കേണ്ടിവന്നു. ഇവരിലൊരാളാണ് ളോഹയും ബൈബിളുമായെത്തി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്. ഓഫീസര്‍ ഒഴികെയുള്ള ജീവനക്കാരെല്ലാവരും കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിനാല്‍ നിര്‍ദേശം ധിക്കരിക്കാനായില്ല. ഇഷ്ടക്കേടോടെയാണ് പലരും പ്രാര്‍ഥനയില്‍ പങ്കെടുത്തത്.
ഓഫീസില്‍ നെഗറ്റീവ് എനര്‍ജി നിറഞ്ഞു നില്‍ക്കുന്നുവെന്ന പരാതി ചുമതലയേറ്റതിനു ശേഷം ഓഫീസര്‍ പതിവായി പറയാറുണ്ട്. ഓഫീസിലെ പല പ്രശ്നങ്ങള്‍ക്ക് പിന്നിലും ഈ നെഗറ്റീവ് എനര്‍ജി ആണെന്നാണ് ഓഫീസറുടെ വാദം. ഓഫീസറുമായുള്ള അഭിപ്രായഭിന്നതകളും മാനസികസമ്മര്‍ദവും കാരണം അടുത്തിടെ നാല് താത്കാലിക ജീവനക്കാരാണ് രാജി വെച്ചിരുന്നു. പ്രാര്‍ഥന സംബന്ധിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരാതി പോയിട്ടുണ്ടെങ്കിലും ഇതുവരെ വകുപ്പുതല അന്വേഷണം ഉണ്ടായിട്ടില്ല.
 

Latest News