പോരാട്ടം തുല്യമല്ലെങ്കിലും ഇസ്രായിലിന് കനത്ത തിരിച്ചടി നല്‍കുന്നുണ്ടെന്ന് ഹമാസ്; കൂടുതല്‍ വിവരങ്ങള്‍

ഗാസ സിറ്റി- ഇസ്രായില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ തുല്യമല്ലെങ്കിലും കഴിഞ്ഞ 48 മണിക്കൂറിനിടെ 25ലധികം വാഹനങ്ങള്‍ ഉള്‍പ്പെടെ ഗാസയിലെ 160ലേറെ ഇസ്രായിലി സൈനിക സന്നാഹങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ത്തതായി ഹമാസ്.
ഏറ്റുമുട്ടല്‍ താരതമ്യം ചെയ്യാനാവില്ലെങ്കിലും മേഖലയിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയെ ഭയപ്പെടുത്തിയിരിക്കയാണെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസാം ബ്രിഗേഡ്‌സ്  വക്താവ് അബു ഉബൈദ പറഞ്ഞു.
ഫലസ്തീനികളെ കൊന്നൊടുക്കുന്ന ക്രൂരത തുടരുന്ന ഇസ്രായിലിനുമേല്‍ സമ്മര്‍ദം ശക്തമായിട്ടുണ്ട്. ഫലസ്തീന്‍ സിവിലിയന്മാരെ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ വേണമെന്ന് ഇസ്രായിലിനുമേല്‍ പ്രധാന സഖ്യകക്ഷിയായ അമേരിക്കയില്‍നിന്നടക്കം അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ട്.
ഗാസയില്‍ മരണസംഖ്യ ഉയരുകയും ഇസ്രായില്‍ സേനയും ഹമാസ് പോരാളികളും തമ്മിലുള്ള പോരാട്ടം ശക്തമാകുകയും ചെയ്തിരിക്കയാണ്.
തെക്കന്‍ ഇസ്രായേലില്‍ ഒക്‌ടോബര്‍ 7ന് ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തിന് പ്രതികാരമായി ഹമാസിനെതിരെ ആരംഭിച്ച ആക്രമണം അഞ്ചാഴ്ച പിന്നിട്ടപ്പോള്‍ ഇസ്രായില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 11,000 ത്തില്‍ കവിഞ്ഞു.

 

Latest News