VIDEO ഫലസ്തീന്‍ ധീരതയുടെ ഉറവിടം തേടി ഖുര്‍ആനിലെത്തി, അമേരിക്കന്‍ ടിക് ടോക്കര്‍ ഇസ്ലാം സ്വീകരിച്ചു

വാഷിംഗ്ടണ്‍-അമേരിക്കന്‍ ആക്ടിവിസ്റ്റും ടിക് ടോക്കറുമായ മേഗന്‍ റൈസ് ഇസ്ലാം മതം സ്വീകരിച്ചു. വംശഹത്യയെ അഭിമുഖീകരിക്കുന്ന ഗാസയിലെ ജനങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ വായിച്ചുമാണ് മേഗന്‍ റൈസ് ഇസ്ലാമിലെത്തിയത്.
ടിക് ടോക് പേജില്‍ നല്‍കിയ ലൈവിലാണ് മേഗന്‍ സത്യസാക്ഷ്യ വാചകം ഉച്ചരിച്ചതും ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനം പ്രഖ്യാപിച്ചതും. ഹിജാബ് ധരിച്ചതോടെ താന്‍ സുരക്ഷിതത്വം അനുഭവിക്കുന്നതായും അവര്‍ പറഞ്ഞു.  
ഗാസയ്‌ക്കെതിരായ ഇസ്രായില്‍ യുദ്ധത്തിന്റെ തുടക്കം മുതല്‍, വംശഹത്യയെ അഭിമുഖീകരിക്കുന്ന ഫലസ്തീനികളെ പ്രതിരോധിക്കുന്നതിലൂടെ മേഗന്‍ അറബ് ലോകത്ത് പ്രശസ്തയായിരുന്നു.
ഇസ്രായേല്‍ ആക്രമണത്തിന് മുന്നില്‍ ഫലസ്തീന്‍ ജനതയുടെ ദൃഢതയുടെയും വിശ്വാസത്തിന്റെയും ശക്തിയുടെയും കാരണങ്ങള്‍ ചോദിച്ചപ്പോഴാണ് മേഗന് ഖുര്‍ആന്‍ വായിക്കാനുള്ള നിര്‍ദേശം ലഭിച്ചത്.
ഫലസ്തീനികളുടെ വിശ്വാസദാര്‍ഢ്യത്തോടുള്ള എന്റെ ആരാധന പ്രകടിപ്പിക്കുന്ന ഒരു വീഡിയോ ഞാന്‍ ചെയ്തു. അപ്പോഴാണ് അതാണ് ഇസ്ലാമെന്നും  ഖുര്‍ആന്‍ വായിക്കണമെന്നും ആളുകള്‍ പറഞ്ഞത്. @megan_b_rice എന്ന തന്റെ ടിക്ക്‌ടോക്ക്  അക്കൗണ്ടില്‍ പങ്കിട്ട ഒരു വീഡിയോയില്‍ മേഗന്‍ പറഞ്ഞു. ഗവേഷണം നടത്താനും പഠിക്കാനും എനിക്ക് ജിജ്ഞാസയും സമയവമുണ്ടായിരുന്നു. അങ്ങനെയാണ് ഗാസയിലെ ജനങ്ങളുടെ ശക്തിയുടെ ഉറവിടത്തിന്റെ രഹസ്യം അറിയാന്‍ ഞാന്‍ ഖുര്‍ആന്‍ വായിച്ചു തുടങ്ങി.
വിശുദ്ധ ഖുര്‍ആന്‍ അധ്യയങ്ങളുടെ നേരിട്ടുള്ള ശൈലിയും തടസ്സങ്ങളില്ലാതെ സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനും പുനര്‍വിവാഹത്തിനും ഉള്ള സ്വാതന്ത്ര്യവും കണ്ടെത്തി- അവര്‍ പറഞ്ഞു.
ഇസ്ലാമിനെക്കുറിച്ചും മറ്റ് മതങ്ങളെക്കുറിച്ചും എല്ലാവരേയും ബോധവത്കരിക്കുന്നതിനായി മേഗന്‍ ടിക് ടോക്കില്‍ ഒരു ഖുര്‍ആന്‍ ബുക്ക് ക്ലബ്ബും ആരംഭിച്ചു.
ഇസ്‌ലാമോഫോബിയ, വംശീയത എന്നിവയ്‌ക്കെതിരെ പോരാടുക, ഫലസ്തീനികളെ ഖുര്‍ആനുമായി അതിന്റെ ഇത്രയധികം അടുപ്പിക്കുന്നതിന്റെ പിന്നിലെ അര്‍ത്ഥം മനസ്സിലാക്കുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യമെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അവര്‍ വിശദീകരിച്ചു.

ഇസ്‌ലാമിലെ അധ്യാപനങ്ങള്‍ തന്റെ വ്യക്തിപരമായ വിശ്വാസങ്ങളുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്  ഇസ്‌ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് മേഗന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മേഗന്‍ വായിക്കുന്ന ഖുറാന്‍ വാക്യങ്ങളുടെ ദൈനംദിന ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ കാണിക്കുന്നുണ്ട്. മേഗനെ പ്രശംസിച്ചുകൊണ്ട് ധാരാളം പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്.

 

 

Latest News