റിയാദ് - ഏഴു വര്‍ഷത്തിലേറെ നീണ്ട ഭിന്നതയും പിണക്കവും അവസാനിപ്പിച്ച് നയതന്ത്രബന്ധം പുനഃസ്ഥാപിച്ച ശേഷം ആദ്യമായി സൗദിയിലെത്തിയ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിക്ക് അറബ്, ഇസ്‌ലാമിക് ഉച്ചകോടി ആസ്ഥാനത്ത് ഊഷ്മള സ്വീകരണം. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇറാന്‍ പ്രസിഡന്റിനെ ഹൃദ്യമായി സ്വീകരിച്ചു. ഉച്ചകോടിയില്‍ റഈസി കടുത്ത വാക്കുകളില്‍ ഇസ്രായിലിനെ വിമര്‍ശിക്കുകയും ഫലസ്തീന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ചൈനയുടെ മധ്യസ്ഥതയില്‍ ബെയ്ജിംഗില്‍ മാര്‍ച്ച് 10 നാണ് സൗദി അറേബ്യയും ഇറാനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള കരാര്‍ ഒപ്പുവെച്ചത്. കിഴക്കന്‍ പ്രവിശ്യയില്‍ വിധ്വംസക, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള ശിയാ പണ്ഡിതനെ വധശിക്ഷക്ക് വിധേയനാക്കിയതില്‍ പ്രതിഷേധിച്ച് ഇറാനിലെ സൗദി നയതന്ത്രകാര്യാലയങ്ങള്‍ക്കു നേരെ ആക്രമണങ്ങളുണ്ടാവുകയും അഗ്നിക്കിരയാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചത്.