കണ്ണൂർ- കാൽനട യാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ച സംഭവത്തിന് പിന്നാലെ ട്രെയിൻ തട്ടി ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം. ബസ് ഡ്രൈവർ മനേക്കര സ്വദേശി ജീജിത്ത് ആണ് മരിച്ചത്. കണ്ണൂർ തലശ്ശേരി പെട്ടിപ്പാലത്താണ് ദാരുണമായ സംഭവം. വടകര-തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. പെട്ടിപ്പാലത്തുവെച്ച് ബസ് കാൽനട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. സംഭവം നടന്നയുടനെ ഡ്രൈവർ ബസിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു. തൊട്ടടുത്ത റെയിൽവെ ട്രാക്കിലേക്കാണ് ബസ് െ്രെഡവർ ഓടിയത്. ട്രാക്കിലൂടെ ഓടുന്നതിനിടെയാണ് ഇതിലൂടെ കടന്നുപോവുകയായിരുന്ന ട്രെയിൻ ഇടിച്ചത്. അപകടത്തെതുടർന്ന് കാൽനട യാത്രക്കാരൻ ബസിന്റെ അടിയിലേക്കാണ് വീണതെന്നും ഇത് കണ്ട് ഭയന്നാണ് ഡ്രൈവർ ബസിൽനിന്നും വേഗമിറങ്ങി സ്ഥലത്തുനിന്നും മാറാൻ ശ്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. റോഡും റെയിൽവെ ട്രാക്കും സമാന്തരമായി കിടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ആശുപത്രിയിലേക്ക് മാറ്റിയ കാൽനടയാത്രക്കാരൻറെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.