Sorry, you need to enable JavaScript to visit this website.

കൂടുതൽ ഹമാസ് പോരാളികളെ സൃഷ്ടിക്കാൻ മാത്രമേ ഇസ്രായിൽ യുദ്ധം കാരണമാകൂ-ഇലോൺ മസ്‌ക്

ന്യൂയോർക്ക്- ഇസ്രായിൽ-ഹമാസ് യുദ്ധത്തിൽ പ്രതികരണവുമായി എക്‌സ് ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. ഗാസയിൽ ഇസ്രായിൽ നടത്തുന്ന ആക്രമണം കൂടുതൽ ഹമാസ് അംഗങ്ങളെ സൃഷ്ടിക്കുകയാണെന്നും അവിടെ ടനടത്തുന്ന കൊലപാതങ്ങളിലൂടെ ഇസ്രായിലിന് വിജയം കാണാനാവില്ലെന്നും മസ്‌ക് പറഞ്ഞു. നിങ്ങൾ ഗാസയിൽ ആരുടെയെങ്കിലും കുട്ടിയെ കൊന്നാൽ, നിങ്ങൾ കുറച്ച് ഹമാസ് അംഗങ്ങളെയെങ്കിലും സൃഷ്ടിച്ചുവെന്ന് നിസ്സംശയം പറയാം. ഇസ്രായിലിനെ പ്രകോപിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. ഇസ്രായിലിന് സാധിക്കുന്ന ഏറ്റവും അക്രമാസക്തമായ പ്രതികരണത്തിന് വേണ്ടി അവരെ പ്രകോപിപ്പിക്കാൻ വേണ്ടിയാണ് ഹമാസ് അതി ക്രൂരമായ കാര്യങ്ങൾ ചെയ്യുന്നത്. 
ലോകത്ത് ആകമാനമുള്ള മുസ്ലിംകളെ ഇസ്രായിലിന് എതിരെ അണി നിരത്താനായിരുന്നു ഹമാസിന്റെ ലക്ഷ്യം. അതിൽ അവർ വിജയിച്ചു. എന്നാൽ അതിന് വിപരീതമായി തങ്ങൾക്കാവുന്ന കാരുണ്യ പ്രവർത്തനങ്ങളാണ് ഇസ്രായിൽ ചെയ്യേണ്ടിയിരുന്നത്. അതുവഴി മാത്രമേ ഹമാസിനെ പരാജയപ്പെടുത്താനാവൂ- മസ്‌ക് പറഞ്ഞു.
ഹമാസ് അംഗങ്ങളെ കണ്ടെത്തി വധിക്കുകയോ തടവിലാക്കുകയോ ചെയ്യണം. എന്നാൽ, ഗാസയിലെ ദുരിതമനുഭവിക്കുന്നവർക്ക് ആശുപത്രികൾ നൽകുകയും ഭക്ഷണവും വെള്ളവും ഉറപ്പാക്കുകയും അവശ്യ മരുന്നുകൾ എത്തിക്കുകയും ആണ് ഇസ്രായിൽ ചെയ്യേണ്ടിയിരുന്നത്. അത് വളരെ സുതാര്യമായ രീതിയിൽ ചെയ്യണം. അതൊരു അടവായി ആളുകൾക്ക് തോന്നരുത്. ഗാസയിലുള്ളവരോട് ഇസ്രായിൽ ദയ കാണിക്കണം. കണ്ണിന് കണ്ണ് എന്ന നിലപാടിലാണ് ഇസ്രായേൽ യഥാർത്ഥത്തിൽ വിശ്വസിക്കുന്നത്. എന്നാൽ, അത് ഒരു വംശഹത്യയിലേക്കാണ് നീങ്ങുന്നതെങ്കിൽ അതിനെ ആർക്കും അംഗീകരിക്കാനാകില്ലെന്നും മസ്‌ക് പറഞ്ഞു. പോഡ്കാസ്റ്റ് ഹോസ്റ്റ് ലെക്‌സ് ഫ്രിഡ്മാനുമായുള്ള അഭിമുഖത്തിലാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്.
 

Latest News