ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ഉറപ്പാക്കിയില്ലെങ്കില്‍ നഷ്ടം കാനഡയ്‌ക്കെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍

ഒട്ടാവ- ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ ഉറപ്പുവരുത്തിയില്ലെങ്കില്‍ തിരിച്ചടി കാനഡയ്ക്കായിരിക്കുമെന്ന് ബ്രിട്ടീഷ് കൊളംബിയ മുന്‍ പ്രീമിയര്‍ ക്രിസ്റ്റി ക്ലാര്‍ക്ക്. കാനഡ- ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച ഇന്ത്യ ഇന്‍സൈറ്റ്സ് കോണ്‍ഫറന്‍സിന് ശേഷമുള്ള മാധ്യമ സംവാദത്തില്‍ പങ്കെടുക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. 

കാനഡയുടെ ഉത്പന്നങ്ങള്‍ ഉയര്‍ന്ന മൂല്യമുള്ളതും ഉയര്‍ന്ന നിലവാരമുള്ളതുമാണെങ്കിലും ഇന്ത്യക്ക് ഇവ ലോകത്ത് മറ്റെവിടെയെങ്കിലും കണ്ടെത്തുക പ്രയാസമുള്ള കാര്യമല്ലെന്നും കാനഡയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനേഡിയന്‍ തൊഴിലാളികള്‍ക്കുമാണ് നഷ്ടമുണ്ടാവുകയെന്നും അവര്‍ പറഞ്ഞു. 

ഇന്ത്യയുടെ വളര്‍ച്ച നല്‍കുന്ന അവസരത്തില്‍ മറ്റുള്ളവര്‍ പങ്കാളികളാകുമ്പോള്‍ കാനഡ പുറത്തുനില്‍ക്കുന്ന രാജ്യമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ ഒരു വഴി കണ്ടെത്തണമെന്നും സൗഹൃദപരമായ ചുവടുപിടിച്ച് അതിലേക്ക് തിരിച്ചുവരാന്‍ കഴിയണമെന്നും ക്ലാര്‍ക്ക് പറഞ്ഞു. 

ഇന്ത്യയുമായി വ്യാപാര കരാറുകള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ കാനഡ മുന്‍കൈ എടുക്കുന്നില്ലെന്നത് ലജ്ജാകരമാണെന്ന് പറഞ്ഞ ക്ലാര്‍ക്ക് കരാര്‍ വിഷയത്തില്‍ തെറ്റ് ഇന്ത്യയുടെ ഭാഗമാണെന്ന് താന്‍ കരുതുന്നില്ലെന്നും വിശദീകരിച്ചു. 

ഇന്ത്യയും കാനഡയും ഏര്‍ലി പ്രോഗ്രസ് ട്രേഡ് എഗ്രിമെന്റിനായി പത്ത് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി വരവെയാണ് ഓഗസ്റ്റില്‍ ഒട്ടാവ ചര്‍ച്ചകള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുന്നകാര്യം പ്രഖ്യാപിച്ചത്. ജൂണ്‍ 18ന് കാനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ നേതാവുമായ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചെന്ന് സെപ്തംബര്‍ 18ന് ഹൗസ് ഓഫ് കോമണ്‍സില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പാണ് ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്.

ഫെഡറല്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചാലും കാനഡയിലെ ഓരോ ഉപസര്‍ക്കരുകള്‍ക്കും ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ നടത്താനുള്ള സാധ്യത പരിഹാരമാണെന്ന് ക്ലാര്‍ക്ക് പറഞ്ഞു. ഇന്ത്യയിലെ സര്‍ക്കാരുകളുമായി നേരിട്ട് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റുകളുടെ പ്രാധാന്യം അവര്‍ അടിവരയിട്ടു.

Latest News