വീണ്ടും മുസ്‌ലിം വിരുദ്ധ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി, ശ്രീരാമനോട് കോണ്‍ഗ്രസിന് അലര്‍ജി

ന്യൂദല്‍ഹി - അസമില്‍ വരത്തന്‍മാരായ മുസ്‌ലിംകളുടെ വോട്ട് തനിക്ക് വേണ്ടെന്ന് പ്രഖ്യാപിച്ച ഹിമന്ത ബിശ്വ ശര്‍മ്മ വീണ്ടും മുസ്‌ലിം വിരുദ്ധ പ്രസ്താവനയുമായി രംഗത്ത്. ഒരു പ്രത്യേക വോട്ട് ബാങ്കിനെ ഭയന്നാണ് കോണ്‍ഗ്രസിന് ശ്രീരാമനോട് അലര്‍ജിയെന്ന്  പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തോടാണ് ശര്‍മയുടെ പ്രതികരണം. ശ്രീരാമനെയും ഹിന്ദുക്കളെയും വെറുക്കുന്ന അംഗങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടെന്നായിരുന്നു പ്രമോദ് കൃഷ്ണന്റെ പരാമര്‍ശം.
നെഹ്രു കുടുംബത്തിന്റെ വിശ്വസ്തനായ ആചാര്യ പ്രമോദ് ജി താന്‍ പറഞ്ഞത് സ്ഥിരീകരിക്കുന്നു.  തിരഞ്ഞെടുപ്പിന് മുമ്പ്, അവരുടെ നേതാക്കളും ഹനുമാന്‍ ഭക്തരും ശ്രീരാമ ജന്മഭൂമി ഒഴികെ എല്ലാ ക്ഷേത്രങ്ങളും സന്ദര്‍ശിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അവര്‍ എപ്പോഴാണ് രാം ലല്ല വിരാജ്മാനെ സന്ദര്‍ശിക്കുക? പ്രഭു ശ്രീറാമിന് അനുകൂലമായി സംസാരിച്ചതിന് ആചാര്യജിയെ കോണ്‍ഗ്രസുകാര്‍ അധിക്ഷേപിക്കും. അദ്ദേഹത്തോട് സഹതാപം തോന്നുന്നുവെന്ന് അസം മുഖ്യമന്ത്രി പ്രതികരിച്ചു.
ശ്രീരാമനെ വെറുക്കുന്ന ചില നേതാക്കള്‍ കോണ്‍ഗ്രസിലുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈ നേതാക്കളും 'ഹിന്ദു' എന്ന വാക്ക് വെറുക്കുന്നു, അവര്‍ക്ക് ഹിന്ദു മതഗുരുക്കളെ അപമാനിക്കാനാണ് താല്‍പ്പര്യം. പാര്‍ട്ടിയില്‍ ഒരു ഹിന്ദു മത ഗുരു ഉണ്ടായിരിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ലെന്നാണ് ആചാര്യ പ്രമോദ് കൃഷ്ണന്‍ പറഞ്ഞത്. അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന.

 

Latest News