ബംഗളൂരു- ലിംഗായത്ത് സമുദായത്തിലെ ശക്തനും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയുടെ (78) മകനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചുകൊണ്ട് പാര്‍ട്ടിയുടെ പുതിയ നീക്കം. യെദ്യുരപ്പയുടെ ഇളയ മകനും ആദ്യമായി എം.എല്‍.എയുമായ ബി.വൈ വിജയേന്ദ്രയാണ് (47) ഇനി കര്‍ണാടക ബി.ജെ.പി പ്രസിഡന്റ്.
മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട ബി.ജെ.പി, 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ ലിംഗായത്ത് ജാതി അടിത്തറ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിലവിലെ പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീലിന് പകരക്കാരനായി വിജയേന്ദ്രയെ നിയമിച്ചത്. 2022 ഓഗസ്റ്റില്‍ മൂന്ന് വര്‍ഷ കാലാവധി അവസാനിച്ചതിന് ശേഷം കട്ടീലിന് കാലാവധി നീട്ടിക്കൊടുക്കുകയായിരുന്നു.
രണ്ടാമത്തെ പ്രബല സമുദായമായ വൊക്കലിഗ വോട്ടുകള്‍ പരിഗണിച്ച് ജെ.ഡി.എസുമായി സഖ്യമുണ്ടാക്കിയതിന് ശേഷമാണ് വിജയേന്ദ്രയുടെ നിയമനം. വൊക്കലിഗ ശക്തനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയും മകന് എച്ച്.ഡി കുമാരസ്വാമിയുമാണ് ജെ.ഡി.എസിനെ നിയന്ത്രിക്കുന്നത്.
യെദ്യൂരപ്പയെയും ലിംഗായത്ത് സമുദായത്തില്‍നിന്നുള്ള മറ്റ് നേതാക്കളെയും ബി.ജെ.പി മാറ്റിനിര്‍ത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. 121 സീറ്റില്‍നിന്ന് 66 സീറ്റിലേക്ക് ബി.ജെ.പി മൂക്കുകുത്തി. സംസ്ഥാനത്തെ ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്തുകളുടെ ഏറ്റവും ഉന്നതനായ നേതാവാണ് യെദ്യൂരപ്പ. 28ല്‍ 25 സീറ്റും നേടിയ 2019 ലെ ലോക്സഭാ പ്രകടനം ആവര്‍ത്തിക്കാന്‍ വിജയേന്ദ്രയെ പ്രതിഷ്ഠിക്കുന്നത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.






