Sorry, you need to enable JavaScript to visit this website.

ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട യുദ്ധം-ജോർദ്ദാൻ, അമേരിക്കക്കാണ് ഉത്തരവാദിത്വം-ഫലസ്തീൻ

റിയാദ്- ഗാസ സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട യുദ്ധത്തിനാണെന്നും ഇത് ഉടനടി അവസാനിപ്പിക്കണമെന്നും ജോർദ്ദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ആവശ്യപ്പെട്ടു. റിയാദിൽ അസാധാരണ അറബ്-മുസ്ലിം ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയിലെ യുദ്ധം 7 പതിറ്റാണ്ടിലേറെ പഴക്കമുള്ള ഒരു സംഘർഷത്തിന്റെ വിപുലീകരണമാണ്, കൊലപാതകവും നാശവും തടയാനുള്ള ഏക മാർഗം ദ്വിരാഷ്ട്ര പരിഹാരമാണെന്നും അദ്ദേഹം പറഞ്ഞു. 
ഫലസ്തീൻ ജനത ഇപ്പോൾ ഇസ്രായിലിന്റെ കൈകളിലെ ഉന്മൂലന യുദ്ധത്തിന് വിധേയരായിരിക്കുന്നുവെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് പറഞ്ഞു. ഇസ്രായിൽ 40,000ത്തിലധികം ഫലസ്തീനികളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയതു. ഒരു രാഷ്ട്രീയ പരിഹാരത്തിന്റെ അഭാവത്തിന്റെ ഉത്തരവാദിത്തം അമേരിക്കക്കാണെന്നും അദ്ദേഹം പറഞ്ഞു. 
ഗാസയെ നശിപ്പിക്കാനും ഇല്ലാതാക്കാനും ആദ്യ ദിവസം മുതൽ ഇസ്രായിൽ ശ്രമിക്കുന്നുണ്ടെന്നും ഇപ്പോൾ നടക്കുന്ന ക്രൂരതയിൽ 11000 ഫലസ്തീനികളെ കൊന്നൊടുക്കിയെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗൈത്ത് പറഞ്ഞു. ക്രൂരമായ കൂട്ടക്കൊലകൾ തടയാൻ ഇസ്രായേലിനെ നിയന്ത്രിക്കുന്നതിൽ യു.എൻ രക്ഷാസമിതി പരാജയപ്പെട്ടു. ഗാസ മുനമ്പിലെ താമസക്കാരെ നിർബന്ധിതമായി കുടിയിറക്കാൻ അനുവദിക്കില്ലെന്നും അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 
ഗാസയിൽ ഉടൻ വെടിനിർത്തണമെന്നും മാനുഷിക ഇടനാഴി തുറക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. റിയാദിൽ ചേർന്ന ഇസ്ലാമിക്അറബ് അസാധാരണ ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇക്കാര്യം ആവർത്തിച്ചു. ഗാസയിൽ ഇസ്രായിൽ അതിക്രമം എല്ലാ പരിധികളും വിട്ട് തുടരുന്ന പശ്ചാത്തലത്തിലാണ് ചർച്ചകൾക്കായി പ്രത്യേക ഇസ്‌ലാമിക്അറബ് ഉച്ചകോടി ആരംഭിച്ചിരിക്കുന്നത്. 

Latest News