ഹൈദരാബാദ് - മുതിർന്ന തെലുങ്ക് നടൻ മല്ലമ്പള്ളി ചന്ദ്രശേഖര റാവു എന്ന ചന്ദ്ര മോഹൻ (80) അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്നുള്ള പ്രയാസങ്ങളാൽ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
ആയിരത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ചന്ദ്ര മോഹൻ 150 ചിത്രങ്ങളിൽ നായക പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 1943ൽ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പാമിഡിമുക്കാല ഗ്രാമത്തിലാണ് ജനനം. 1966-ൽ ഇറങ്ങിയ രംഗുല രത്‌നം എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിലെ ആദ്യ അരങ്ങേറ്റം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ നന്ദി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. പിന്നീട് നാളൈ നമധേ, സീതാമാലക്ഷ്മി (1978), റാം റോബർട്ട് റഹീം (1980), രാധാ കല്യാണം (1981), രണ്ടു റെല്ലു ആറു (1981), രണ്ട് റെല്ലു ആറ് (1986), ചന്ദമാമ രാവേ തുടങ്ങിയ വിവിധ ചിത്രങ്ങളിലൂടെ അദ്ദേഹം ചലച്ചിത്ര ആസ്വാദകരുടെ നിറഞ്ഞ കൈയടി നേടി. സൗത്ത് ഫിലിം ഫെയർ അവാർഡും രണ്ട് നന്ദി അവാർഡും ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. ഫിലിംഫെയറിന്റെ മികച്ച നടനുള്ള അവാർഡ് (തെലുങ്ക്), സിരി സിരി മുവ്വ (1978) എന്നീ ബോക്‌സ് ഓഫീസ് ഹിറ്റുകളിലെ പ്രകടനത്തിനും അദ്ദേഹം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ജേതാവും പ്രമുഖ സംവിധായകനുമായ കെ വിശ്വനാഥിന്റെ ബന്ധുവാണ്. പ്രമുഖ ഗായകൻ എസ്.പി.ബിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു.