Sorry, you need to enable JavaScript to visit this website.

നിയമ നിർമാണ സഭകളിൽ അൻപത് ശതമാനം സ്ത്രീസംവരണം കാലതാമസം കൂടാതെ നടപ്പാക്കണം -റസാഖ് പാലേരി

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു
  • വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനം തുടങ്ങി

കണ്ണൂർ - നിയമനിർമാണസഭകളിൽ അൻപത് ശതമാനം സ്ത്രീ സംവരണം നടപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.
സംവരണം നടപ്പാക്കും മുമ്പ് ഓരോ ജനവിഭാഗങ്ങളുടെയും വിഭവങ്ങളെ കുറിച്ചും അവരുടെ അധികാര പങ്കാളിത്തത്തെ കുറിച്ചും കൃത്യമായ പഠനങ്ങൾ നടത്തണം. സ്ത്രീസംവരണം എന്നത് തത്വമായി പറഞ്ഞ് കാലം കഴിക്കാതെ നടപടി ക്രമങ്ങളിലേക്ക് എത്രയും പെട്ടെന്ന് കടക്കക്കാൻ സർക്കാറുകൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനം കണ്ണൂർ ചേംബർ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ളത് പോലെ 50 % സംവരണം വേണം.  ഉപജാതി സംവരണവും കൂടി ഉണ്ടായാലേ പിന്നോക്ക വിഭാഗങ്ങൾക്കും അധികാര പങ്കാളിത്തം ലഭിക്കൂ. ബീഹാറിലേത് പോലെ നിയമപരമായ പരിരക്ഷ നൽകികൊണ്ട് ജാതി സെൻസസ് നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാറിൻെറ അജണ്ടയുടെ ഭാഗമായ വിദ്വേഷം പടരുന്നകാലത്ത് സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അറുപത് ശതമാനത്തിലധികം സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഫലസ്തീനിലെ മർദ്ദിതർക്ക് സമ്മേളനം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. തൃണമൂൽ എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയിൽനിന്ന് പുറത്താക്കാനുള്ള പാർലമെൻറ് എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം, ഭരണകൂട വിമർശനത്തിൻെറ മൂർച്ചയുള്ള ചോദ്യങ്ങളുടെ നാവരിയുന്ന ഗൂഢശ്രമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ്‌റ് വി.എ.ഫായിസ അധ്യക്ഷത വഹിച്ചു. സ്ത്രീക്ഷ ഇടപെടലുകളുടെ വിളിപ്പേരായി വിമൻ ജസ്റ്റിസ് മാറിക്കഴിഞ്ഞിരിക്കുന്നവെന്നും ഏറ്റവും ശ്രദ്ധേയമായ ഒരുപാട് പെൺമുന്നേറ്റങ്ങൾക്ക് വഴിയൊരുക്കാൻ വിമൻ ജസ്റ്റിസിനു സാധിച്ചുവെന്നും അധ്യക്ഷ പ്രസംഗത്തിൽ അവർ പറഞ്ഞു.
കുടുംബങ്ങളിൽ, പൊതുസ്ഥലങ്ങൾ, തൊഴിലിടങ്ങളിൽ എല്ലാം സ്ത്രീകളേറ്റ അപമാനങ്ങൾക്കും വേട്ടയാടലുകൾക്കും എതിരെ നിരന്തരം ജനാധിപത്യപരമായി സമരങ്ങൾ നടത്താനും വിമൻ ജസ്റ്റിസ് കഴിഞ്ഞ കാലങ്ങളിൽ മുന്നിലുണ്ടായിരുന്നുവെന്നും അവർപറഞ്ഞു. 

ഇസ്രായിൽ അധിനിവേശത്തിനെതിരെ ഫലസ്തീനികൾ നടത്തുന്ന പോരാട്ടത്തിന് പിന്തുണയേകി സമ്മേളനത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ ബാനർ ഉയർത്തി.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ചന്ദ്രിക കൊയിലാണ്ടി, അസൂറ ടീച്ചർ, വൈസ് പ്രസിഡന്റ് ഉഷാ കുമാരി, സംസ്ഥാന സെക്രട്ടറിമാരായ മുംതാസ് ബീഗം, സുഫീറ എരമംഗലം, സീനത്ത് കൊക്കൂർ, സംസ്ഥാന ട്രഷറർ സനീറ ബഷീർ, സംസ്ഥാന സമിതി അംഗം സൽവ കെ.പി എന്നിവർ വിവിധ സെക്ഷനുകളിൽ പ്രഭാഷണം നടത്തി.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്, ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി നജിത റൈഹാൻ എന്നിവർ പഠനക്ലാസുകൾ നടത്തി.
 

Latest News