Sorry, you need to enable JavaScript to visit this website.

കുട്ടി നിര്‍ത്താതെ കരഞ്ഞു; ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തില്‍ നിന്ന് ഇന്ത്യന്‍ കുടുംബത്തെ ഇറക്കിവിട്ടു

ലണ്ടന്‍- കുട്ടിയുടെ കരച്ചലിനെ ചൊല്ലി ലണ്ടനില്‍ നിന്നും ബെര്‍ലിനിലേക്കു പോകാനായി ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തില്‍ കയറിയ ഇന്ത്യന്‍ കുടുംബത്തെ സുരക്ഷാ ജീവനക്കാര്‍ ഇറക്കിവിട്ടതായി ആരോപണം. ഇന്ത്യക്കാരാനായ എ.പി പഥക് ആണ് തന്നേയും കുടുംബത്തേയും വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടതായി പരാതിപ്പെട്ടത്. വിമാനത്തില്‍ കയറി ഉടന്‍ തന്റെ മൂന്നു വയസ്സുകാരന്‍ മകന്‍ കരയുകയായിരുന്നെന്നും കുട്ടി കരച്ചില്‍ നിര്‍ത്തിയില്ലെങ്കില്‍ ഇറക്കി വിടുമെന്ന് വിമാന ജീവനക്കാര്‍ വന്ന് ഭീഷണിപ്പെടുത്തിയെന്നും പഥക് പറയുന്നു. ഭീഷണി സ്വരത്തിലുള്ള മുന്നറിയിപ്പു നല്‍കി അല്‍പ്പ സമയത്തിനു ശേഷം വിമാന ജീവനക്കാരന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി തന്നെയും കുടുംബത്തേയും വിമാനത്തില്‍ നിന്ന് ഇറക്കി വിടുകയായിരുന്നെന്ന് പഥക് പറയുന്നു. 

ബ്രിട്ടീഷ് എയര്‍വേയ്‌സ് തന്നെ അപമാനിച്ചു ഇറക്കിവിട്ടതിനു നഷ്ടപരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഹായം തേടി കേന്ദ്ര സര്‍ക്കാരിനു പഥക് പരാതി നല്‍കിയിട്ടുണ്ട്. വ്യോമയാന മന്ത്രി സുരേഷ് പ്രഭു, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ക്കും ബ്രിട്ടീഷ് എയര്‍വേയ്‌സിനും പരാതി നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു വംശീയ ആക്രമണമാണെന്നും ഇന്ത്യക്കാരനെ അപമാനിച്ചതിന് ബ്രിട്ടീഷ് എയര്‍വേയ് മാപ്പുപറയണമെന്നും പഥക് ആവശ്യപ്പെട്ടു.

സംഭവം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും അന്വേഷണം അരംഭിച്ചിട്ടുണ്ടെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് പ്രതികരിച്ചു. ഒരു തരത്തിലുമുള്ള വിവേചനങ്ങളെ തങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ഇന്ത്യന്‍ കുടുംബവുമായി നേരിട്ടു ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും കമ്പനി അറിയിച്ചു.
 

Latest News