മാര്‍ട്ടിന്‍ സ്‌ഫോടനം നടത്തിയത് തനിച്ചു തന്നെയാണോ, പോലീസ് തെളിവെടുപ്പ് തുടരുന്നു

കൊച്ചി-നാലുപേരുടെ മരണത്തിനിടയാക്കിയ കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായുള്ള പോലീസിന്റെ തെളിവെടുപ്പ് തുടരുന്നു. സ്‌ഫോടനത്തിനായുള്ള ഐ ഇ ഡി നിര്‍മിക്കാനുള്ള സാമഗ്രികളും ഇവ സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറും വാങ്ങിയ പാലരിവട്ടത്തെ ഇലക്ട്രിക്കല്‍ സ്ഥാപനങ്ങളിലായിരുന്നു ഇന്ന്‌തെളിവെടുപ്പ്. കുട്ടികളുടെ പഠനാവശ്യത്തിനുള്ള പരീക്ഷണത്തിനെന്ന് പറഞ്ഞാണ് താന്‍ ഉപകരണങ്ങള്‍ വാങ്ങിയതെന്ന് ഡൊമിനിക്ക് അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു. രാവിലെ 9.30ന് ആരംഭിച്ച തെളിവെടുപ്പ് അഞ്ച് മണിക്കൂര്‍ നീണ്ടു. റെസിസ്റ്റന്‍സ്, എല്‍ ഇ ഡി, ബാറ്ററി, റിമോര്‍ട്ട് കണ്‍ട്രോളര്‍ എന്നിവ മൂന്ന് ഇലക്ട്രിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നാണ് വാങ്ങിയത്. ഒരു കെട്ട് പ്ലാസ്റ്റിക്ക് കവറുകളാണ് സമീപത്തെ കടയില്‍ നിന്ന് വാങ്ങിയത്. സ്ഥാപന ഉടമകള്‍ പ്രതിയെ തിരിച്ചറിഞ്ഞു.
കുറ്റകൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും താന്‍ ഒറ്റക്കാണെന്ന മൊഴിയില്‍ ഇയാള്‍ ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ ബോംബ് ഉണ്ടാക്കിയതിലടക്കം ചില സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ ഈ മൊഴി മുഖവിലക്കെടുത്തിട്ടില്ല. തെളിവെടുപ്പ് തുടരും. സ്ഫോടനത്തിന്റെ ആഘാതം കൂട്ടാനായി ഐ ഇ ഡി ബോംബിനൊപ്പം കുപ്പിയില്‍വച്ച പെട്രോള്‍ വാങ്ങിയ നഗരത്തിലെ വിവിധയിടങ്ങളിലുള്ള പമ്പുകളില്‍ ഡൊമിനിക്കിനെ എത്തിക്കും. ഇയാളുടെ തമ്മനത്തെ വീട്ടിലും തെളിവെടുപ്പുണ്ടായേക്കും. സംഭവദിവസം കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് എങ്ങനെയാണ് ബോംബ് കൊണ്ടുവന്നതെന്നും, കസേരകള്‍ക്കിടയില്‍ ബോംബ് വച്ചത് എങ്ങനെയാണെന്നും പ്രതി ഡൊമിനിക് അന്വേഷണ ഉദ്യോഗസ്ഥരോട് നേരത്തെ വിശദീകരിച്ചിരുന്നു. എറണാകുളം സിജെഎം കോടതി ഡൊമിനിക്ക് മാര്‍ട്ടിനെ ഈ മാസം 15 വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. യുഎപിഎ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ഇതിന് പത്ത് ദിവസത്തെ കസ്റ്റഡി വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

 

Latest News