Sorry, you need to enable JavaScript to visit this website.

സൗദിയിലും കാനഡയിലും നഴ്‌സുമാര്‍ക്ക് അവസരങ്ങള്‍; ഇപ്പോള്‍ അപേക്ഷിക്കാം, വ്യാജ ഏജന്റുമാരെ സൂക്ഷിക്കണം

തിരുവനന്തപുരം-കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് ആന്റ് ലാബ്രഡോര്‍ പ്രവിശ്യയിലേക്കും സൗദി ആരോഗ്യമന്ത്രാലയത്തിലേക്കും വനിതാ നഴ്‌സുമാര്‍ക്ക് അവസരം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സാണ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്. സൗദിയിലേക്ക്  ഈമാസം 26 മുതല്‍ 28 വരെ കൊച്ചിയിലും കാനഡയിലേക്ക് ഡിസംബറിലുമാണ് റിക്രൂട്ട്‌മെന്റ്. ഇക്കാര്യത്തില്‍ കേരളസര്‍ക്കാരും കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് ആന്റ് ലാബ്രഡോര്‍ പ്രവിശ്യ സര്‍ക്കാരും തമ്മില്‍ കഴിഞ്ഞ മാസം കരാറിലെത്തിയിരുന്നു.
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് എമര്‍ജന്‍സി റൂം , ജനറല്‍ ഡിപ്പാര്‍ട്‌മെന്റ്, ഐ.സി.യു മുതിര്‍ന്നവര്‍, മിഡ്‌വൈഫ്, പീഡിയാട്രിക് ഐസിയു എന്നീ സ്‌പെഷ്യാലിറ്റികളിലേയ്ക്കാണ് വനിതാ നഴ്‌സുമാര്‍ക്ക് അവസരം. നഴ്‌സിങില്‍ ബിരുദമോ/ബപിബിഎസ് യോഗ്യതയും കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം.  എല്ലാ ഉദ്യോഗാര്‍ത്ഥികളും ഇന്റര്‍വ്യൂ സമയത്ത് സാധുവായ പാസ്‌പോര്‍ട്ട് ഹാജരാക്കണം. വിശദമായ സി.വിയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക്  നവംബര്‍ 16 നകം അപേക്ഷിക്കണം.

കാനഡ റിക്രൂട്ട്‌മെന്റില്‍ 2015 ന് ശേഷം നേടിയ ബി.എസ്.സി (നഴ്‌സിങ്)  ബിരുദവും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) ഉളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അഭിമുഖം ഡിസംബര്‍ മാസം നടക്കും. കാനഡയില്‍ നഴ്‌സ് ആയി ജോലി നേടാന്‍  NCLEX പരീക്ഷ പാസ് ആകേണ്ടതുണ്ട്.  അഭിമുഖത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ യോഗ്യത നിശ്ചിത കാലയളവില്‍ നേടിയെടുത്താല്‍ മതിയാകും. അഭിമുഖ സമയത്ത് ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതുമാണ്. കൂടാതെ IELTS ജനറല്‍ സ്‌കോര്‍ 5 അഥവാ CELPIP ജനറല്‍ സ്‌കോര്‍ 5 ആവശ്യമാണ്. കൂടുതല്‍ വിവരങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ശമ്പളം മണിക്കൂറില്‍ 33.6441.65 കനേഡിയന്‍ ഡോളര്‍ (CAD) ലഭിക്കുന്നതാണ്. (അതായത് ഏകദേശം 2100 മുതല്‍ 2600 വരെ ഇന്ത്യന്‍ രൂപ.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ CV (നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ (www.norkaroots.org)  നല്‍കിയിരിക്കുന്ന ഫോര്‍മാറ്റ് പ്രകാരം തയ്യാറാക്കേണ്ടതാണ്. ഇതില്‍ രണ്ട് പ്രൊഫഷണല്‍ റഫറന്‍സുകള്‍ ഉള്‍പ്പെടുത്തിയിരിക്കണം. (അതായത് നിലവിലുള്ളതോ അല്ലെങ്കില്‍ മുന്‍പ് ഉള്ളതോ). വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അക്കാഡമിക്ക് ട്രാന്‍സ്‌ക്രിപ്റ്റ്, പാസ്‌പോര്‍ട്ട്, മോട്ടിവേഷന്‍ ലെറ്റര്‍,  എന്നിവ സഹിതം [email protected] എന്ന ഇമെയിലിലേയ്ക്ക് 2023 നവംബര്‍ 16 നകം അപേക്ഷ അയക്കണം.

സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 18004253939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നുംമിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന് മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്ട്‌സിന്റെ ശ്രദ്ധയില്‍പെടുത്തേണ്ടതാണെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

 

 

Latest News