Sorry, you need to enable JavaScript to visit this website.

പിഴവ് സമ്മതിക്കാതെ ഇന്‍ഡിഗോയില്‍ കയറുന്ന പ്രശ്‌നമില്ലെന്ന് ഇ.പി ജയരാജന്‍

തിരുവനന്തപുരം- ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. തിരുവനന്തപുരത്ത് എല്‍.ഡി.എഫ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞത്.

ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാത്തതുകൊണ്ട് എനിക്ക് പ്രശ്‌നമില്ല. ഞാന്‍ കയറാത്തതുകൊണ്ട് അവര്‍ക്കും പ്രശ്‌നമില്ല. അങ്ങനെ പോകട്ടെയെന്ന് ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും എയര്‍ ഇന്ത്യ എക്‌സ്പ്രസ് എട്ടാം തീയതി മുതല്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും ഏഴര മണിക്ക് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുമാണ് സര്‍വീസ്. അവരുടേത് നല്ല സര്‍വീസാണെന്നും ജയരാജന്‍ പറഞ്ഞു.

നാളെ രാവിലെ 7.30 മണിക്കുളള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കണ്ണൂര്‍ ഫ്‌ളൈറ്റിലാകും താന്‍ കണ്ണൂരിലേക്ക് പോകുകയെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കായികമായി നേരിട്ട സംഭവം വിവാദമായതോടെയാണ് ജയരാജന്‍ ഇന്‍ഡിഗോ വിമാനത്തിലെ യാത്ര അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. അതിന് ശേഷം ഇന്നു വരെ ഇന്‍ഡിഗോ വിമാനത്തില്‍ കയറിയിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോയുമായി ബന്ധപ്പെട്ട പലരും വന്ന് ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞു. അതിന് അപ്പുറത്തേക്ക് കടക്കുന്നില്ല. ഒന്നുകില്‍ പത്രക്കാരെ എല്ലാരെയും വിളിച്ച് തെറ്റു പറ്റിയെന്ന് പറയണം. അല്ലെങ്കില്‍ പിശകുപറ്റിയെന്നും തര്‍ക്കം അവസാനിക്കണമെന്നും ഒരു കടലാസില്‍ എഴുതി തരണമെന്നുമാണ് താന്‍ അവരോട് പറഞ്ഞതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

 

Latest News