കോട്ടയം - ഗുണ്ടാ നേതാവിന് പാര്‍ട്ടി അംഗത്വം നല്‍കിയ നടപടി വിവാദമായതോടെ പിന്‍വലിച്ച് ബിജെപി ജില്ലാ ഘടകം. ആര്‍പ്പുക്കരയില്‍ നടന്ന പരിപാടിയിലാണ് ബിജെപിയിലേക്ക് കുപ്രസിദ്ധ ഗുണ്ടാ നേതാവ് ജെയിസ് മോന്‍ ജേക്കബും (അലോട്ടി -31) സുഹൃത്തുക്കളും ചേര്‍ന്നത്. പരിപാടിയുടെ ചിത്രങ്ങള്‍ വൈറലായതോടെ ബിജെപി ജില്ലാ ഘടകം ഇടപെട്ട് തിരുത്തി. പ്രസ്തുത പരിപാടിയില്‍ ലഭിച്ച എല്ലാ അംഗത്വവും റദ്ദാക്കിയതായി ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ലാല്‍ അറിയിച്ചു. അവിടെ അംഗത്വം ലഭിച്ച ആരും പാര്‍ട്ടി അംഗങ്ങളായിരിക്കില്ലെന്നും ലിജിന്‍ കൂട്ടിചേര്‍ത്തു. നടപടിയെ പരിഹസിച്ച് സിപിഎം രംഗത്തു വന്നു.
നിരവധി ക്രിമിനല്‍ക്കേസില്‍ പ്രതിയായ ജെയിസ് മോന്‍ ജേക്കബും സുഹൃത്തുക്കളും ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം വിസ്തൃത പ്രവാസം പരിപാടിയുടെ ഭാഗമായാണ് പാര്‍ട്ടി അംഗത്വം ലഭിച്ചത്.ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു നയിക്കുന്ന ജാഥയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ നടത്തുന്ന പരിപാടിയുടെ ഭാഗമായി ബി ജെ പി അനുഭാവികളെയും പ്രവര്‍ത്തകരെയും പാര്‍ട്ടിയിലേയ്ക്ക് ചേര്‍ക്കുകയാണ്.
ഇതിന്റെ ഭാഗമായാണ് ആര്‍പ്പൂക്കരയിലും അലോട്ടി അടക്കം പത്തോളം പേരെ ബിജെപി അംഗത്വം നല്‍കി സ്വീകരിച്ചത്. കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അലോട്ടി. കടുത്തുരുത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ അടുത്തിടെയാണ് കോടതി അലോട്ടിയെ വിട്ടയച്ചത്. കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലായിരുന്ന അലോട്ടി മാസങ്ങള്‍ക്ക് മുമ്പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. അലോട്ടിയ്‌ക്കൊപ്പം നിരവധി കേസുകളില്‍ പ്രതിയായ ആര്‍പ്പൂക്കര സ്വദേശി സൂര്യദത്ത് , വിഷ്ണുദത്ത് എന്നിവരും ബിജെപിയില്‍ ചേരുകയുണ്ടായി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബുവാണ് ഇവരെ ഷോള്‍ അണിയിച്ച് പാര്‍ട്ടിയിലേയ്ക്ക് സ്വീകരിച്ചത്.
അതേ സമയം പരിപാടിയെ പരിഹസിച്ച് സിപിഎം ജില്ലാ നേതൃത്വം രംഗത്തുവന്നു. വീരപ്പനു വരെ അംഗത്വം കൊടുക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എ. വി റസല്‍ ആരോപിച്ചു.സാമുഹ്യവിരുദ്ധരും അനാശാസ്യക്കാരും പിടിച്ചു പറിക്കാര്‍ക്കുമാണ് ബിജെപി അംഗത്വം നല്‍കുന്നത്.നേരത്തെ മിസ്ഡ് കോള്‍ അടിച്ചാല്‍ മെമ്പര്‍ഷിപ്പ് കൊടുക്കുമായിരുന്നു ഇപ്പോള്‍ ഇത്തരക്കാരെ തെരഞ്ഞു പിടിച്ചു മെമ്പര്‍ ഷിപ്പ് നല്‍കുകയാണ്.






